നോര്‍ത്ത് കരോലിന: വാഹനാപകടത്തില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വളര്‍ത്തു നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡിന് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
വീടിനു പിന്നിലുള്ള നായക്കൂട്ടില്‍ നിന്ന് പുറത്തിറക്കിയ പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെടുന്ന നായകളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്.
പുലര്‍ച്ചെ രണ്ടിനു ഇവരുടെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകള്‍ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. കൗണ്ടി ആനിമല്‍ കണ്ട്രോള് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നായകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന്
ഒരു നായയെ വെടിവെച്ച് കൊല്ലുകയും മറ്റേ നായയെ പിടികൂടി ഷെല്‍ട്ടറില്‍ അടയ്ക്കുകയും ചെയ്തു. നായകളുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ട്രീനയുടെ 14 വയസുള്ള ഒരു മകന് 2017ല്‍ റോഡ് മുറിച്ച് കടക്കുമ്പാള്‍ വാഹനമിടിച്ച് മരിച്ചിരുന്നു. 24 വയസുള്ള മറ്റൊരു മകന് മറ്റൊരു വാഹനാപകടത്തില്‍ മരിച്ചു. ഈ മരണങ്ങളുടെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പാണ് നായകളുടെ ആക്രമണത്തില്‍ ട്രീന ക്രൂരമായി കൊല്ലപ്പെട്ടത്.
സംസ്ക്കാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഇവരുടെ സുഹൃത്തുക്കള്‍ ഗോ ഫണ്ട് പേജ് തുടങ്ങിയിട്ടുണ്ട്.