തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡും കണ്ണൂരുമാണ് മഴ ഏറ്റവും ശക്തമായത്. പലയിടത്തും നദി കരകവിഞ്ഞൊഴുകാനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തിരുവന്തപുരവും കൊല്ലവും ഒഴികെയുള്ള എട്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറീസയ്ക്ക് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റിനെ ശക്തമാക്കുന്നത്.
വടക്കൻ ജില്ലകളിൽ ഇന്ന് ഉച്ചയോടെ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകും. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.