മിഷിഗണ്‍: ബേബി ഫോർമുലയുടെ രാജ്യത്തെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളായ സ്റ്റർഗിസ് പ്ലാന്റ് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടു മൂലം ജൂൺ പകുതിയോടെ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർബന്ധിതരായിത്തീര്‍ന്ന പ്ലാന്റാണ് വീണ്ടും തുറന്നത്.
അബോട്ട് ന്യൂട്രീഷൻ ഫെസിലിറ്റി ജൂലൈ 1 ന് വീണ്ടും തുറക്കുകയും അതിന്റെ സ്പെഷ്യാലിറ്റി ബേബി ഫോർമുലയായ എലികെയർ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തായി അബോട്ട് വക്താവ് സിബിഎസ് ന്യൂസിനോടും മറ്റ് മാധ്യമങ്ങളോടും പറഞ്ഞു.
മൾട്ടി ബില്യൺ ഡോളർ ശിശു ഫോർമുല വിപണിയുടെ ഏകദേശം 90% നിയന്ത്രിക്കുന്ന യുഎസിലെ നാല് കമ്പനികളിലൊന്നാണ് അബോട്ട്.
മുമ്പ്, ഫോർമുല കഴിച്ച ശിശുക്കളിൽ ബാക്ടീരിയ മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ അബോട്ട് സ്റ്റർഗിസ് പ്ലാന്റ് അടച്ചുപൂട്ടുകയും ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
ഈ സ്ഥാപനത്തിൽ നിർമ്മിച്ച ഫോർമുല കഴിച്ച് രണ്ട് കുട്ടികൾ രോഗികളാകുകയും രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തു. എന്നാല്‍, കുട്ടികള്‍ക്ക് പിടിപെട്ട അസുഖങ്ങള്‍ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിന്നല്ല വന്നതെന്ന് അബട്ട് പറയുന്നു.
കമ്പനി അടച്ചുപൂട്ടൽ ബേബി ഫോർമുലയുടെ രാജ്യവ്യാപകമായ ക്ഷാമത്തിന് കാരണമായി. തന്മൂലം വിദേശത്ത് നിന്ന് ഫോർമുല ഇറക്കുമതി ചെയ്യാൻ നിര്‍ബ്ബന്ധിതരാക്കുകയും, ഉത്പാദനം വേഗത്തിലാക്കാൻ ഡിഫൻസ് പ്രൊഡക്ഷൻ ആക്റ്റ് ഉപയോഗിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ ബൈഡൻ ഭരണകൂടത്തിൽ നിന്ന് നിരവധി ശ്രമങ്ങൾക്ക് പ്രേരകമായി.
പ്രമുഖ ബ്രാൻഡായ സിമിലാക്ക് നിർമ്മിക്കുന്നതിനും പേരുകേട്ട സ്റ്റർഗിസ് പ്ലാന്റ്, യുഎസിലെ അബോട്ടിന്റെ ഏറ്റവും വലിയ ബേബി ഫോർമുല സ്ഥാപനമാണ്. മാസങ്ങളോളം അടച്ചുപൂട്ടിയ ശേഷം ജൂൺ 4 ന് വീണ്ടും തുറന്നെങ്കിലും ഒമ്പത് ദിവസത്തിന് ശേഷം ശക്തമായ മഴ മൂലം വെള്ളപ്പൊക്കമുണ്ടായി.
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഈ സ്ഥാപനത്തിൽ സിമിലാക്കിന്റെ ഉത്പാദനം ഇതുവരെ പുനരാരംഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
ഡാറ്റാ അനലിറ്റിക്സ് ആൻഡ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐആർഐ വേൾഡ് വൈഡ് പ്രകാരം ജൂലൈ 3-ന് അവസാനിച്ച ആഴ്ചയിൽ ബേബി ഫോർമുല പൗഡറിന്റെ ഇൻ-സ്റ്റോക്ക് കണക്കുകൾ ഏകദേശം 70% ആയിരുന്നു.
പലചരക്ക്, മരുന്ന് സ്റ്റോറുകൾ, വാൾമാർട്ട്, ടാർഗെറ്റ് എന്നിവയുൾപ്പെടെയുള്ള ബഹുജന വിപണികൾ, സൈനിക കമ്മീഷണറികൾ, യുഎസിലെ മുഴുവൻ ക്ലബ് സ്റ്റോറുകൾ, ഡോളർ സ്റ്റോറുകൾ എന്നിവയും കണക്കുകൾ ഉൾക്കൊള്ളുന്നുവെന്ന് ഐആര്‍ഐ വേൾഡ് വൈഡ് പറഞ്ഞു.
മിഷിഗൺ പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുമ്പ് ഫെബ്രുവരിയിൽ ബേബി ഫോർമുല പൗഡറിന്റെ ഇൻ-സ്റ്റോക്ക് കണക്ക് ഏകദേശം 90% ആയിരുന്നു.