വാഷിംഗ്ടണ്‍: യു.എസ്. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.
പൂര്‍ണ്ണമായും വാക്സിനേഷനും, രണ്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിന് കാര്യമായ രോഗലക്ഷണമൊന്നും ഇല്ലെങ്കിലും സി.ഡി.സി. ഗൈഡ് ലൈനനുസരിച്ചു ഒരാഴ്ച പൂര്‍ണ്ണ വിശ്രമവും ക്വാറന്റയ്നും ആവശ്യമാണ്.
രണ്ടാഴ്ച അവധിക്കുശേഷം തിങ്കളാഴ്ച സെനറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഈയാഴ്ച വീട്ടില്‍ ഇരുന്നാകും പ്രവര്‍ക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
സെനറ്റില്‍ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടാകേണ്ട ദിവസങ്ങളാണ് പുതിയ നിയമനിര്‍മ്മാണങ്ങളും സെനറ്റിന്റെ മേശപ്പുറത്തുണ്ട്. ഇതില്‍ ഏറ്റവും സുപ്രധാനമായത് പ്രിസ്ക്രിപ്ഷന് ഡ്രഗ് പ്രൈസിംഗ് റിഫോം ഡീലാണ്.
ഭൂരിപക്ഷ നേതാവിന്റെ അസാന്നിധ്യം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പല തീരുമാനങ്ങളും വോട്ടിനിടുമ്പോള്‍ അതിനെ സാരമായി ബാധിക്കും. ഇരു പാര്‍ട്ടികള്‍ക്കും 50 സെനറ്റ് അംഗങ്ങളുമാണുള്ളത്. നിര്‍ണ്ണായക തീരുമാനങ്ങളില്‍ വോട്ടുകള്‍ സമാസമം വരുമ്പോള്‍ രക്ഷപ്പെടുത്തിയിരുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടുകളാണ്.