തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുമെന്ന് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് ആവിഷ്കരിച്ച സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവും കൈമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വെർച്വൽ ക്യൂ സംവിധാനം സംബന്ധിച്ച് തീരുമാനമെടുത്തത്. വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറണമെന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.
തുടർന്ന്, ഈ റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതിയുടെ ദേവസ്വം ബോർഡ് കേസുകൾ പരിഗണിക്കുന്ന ബെഞ്ച് ഈ വർഷം വെർച്വൽ ക്യൂ ദേവസ്വം ബോർഡിന് കൈമാറാൻ ഉത്തരവിട്ടു. മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി വെർച്വൽ ക്യൂ ദേവസ്വം ബോർഡിന് കൈമാറിയ ശേഷവും, സംവിധാനം നിയന്ത്രിക്കുന്നതിനും തീർഥാടകരെ സൂക്ഷ്മമായി പരിശോധിക്കുന്നതിനും പോലീസ് സഹായം തുടരും.
വെര്‍ച്വല്‍ ക്യൂ സുഗമമാക്കാന്‍ ബോര്‍ഡ് പ്രത്യേക സംവിധാനം നടപ്പാക്കും. ഐടി വിഭാഗം വിപുലീകരിക്കുകയും പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യം. ആവശ്യം വരുന്ന സാഹചര്യത്തില്‍ സാങ്കേതികമായും സഹായിക്കും. പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രം, സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം എന്നിവ മാറ്റില്ല. ഉത്സവ സീസണുകളില്‍ 11 ഇടങ്ങളിലായി പൊലീസ് ക്രമീകരിച്ചിരിക്കുന്ന സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും. ആശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പൊലീസ് സഹായം നല്‍കും.