കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന കേരള പോലീസ്; പിസി ജോര്‍ജിനെ പൂട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേരള പോലീസ് അജി കൃഷ്ണനെ പൂട്ടി

പാലക്കാട്: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിന് ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന വിവാദ സർക്കാരിതര സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ തിങ്കളാഴ്ച രാത്രി അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേരള പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനക്കേസിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ സ്വപ്‌നയുമായി അടുപ്പമുള്ള ഒരാളെ പോലീസ് പിടികൂടുകയാണ് കേരള പോലീസ് ചെയ്തതെന്ന വിമര്‍ശനവും വ്യാപകമാവുകയാണ്.

മണ്ണാർക്കാട് കോടതി ബുധനാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അജി കൃഷ്ണനെതിരെ സമാനമായ പരാതികൾ ഉണ്ടെന്നും നിരവധി കൂട്ടുപ്രതികളെ പിടികൂടാനുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

അജി കൃഷ്ണൻ വിദേശത്ത് നിന്ന് തിരിച്ചെത്തി തിങ്കളാഴ്ച അട്ടപ്പാടിയിൽ ഇറങ്ങി മണിക്കൂറുകൾക്കകമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വട്ടിലക്കി ഗ്രാമത്തിലെ ആദിവാസിയായ രാമൻ എന്നയാള്‍ ഒരു വർഷം മുമ്പ് നൽകിയ പരാതിയിലാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കൽ, ആദിവാസി കുടിലുകൾ കത്തിക്കൽ, ജാതിപ്പേര് വിളിച്ച് അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അജി കൃഷ്ണനെതിരെ ചുമത്തിയത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തക പ്രകാശനത്തിനു പിന്നാലെ സർക്കാരിനും സിപിഎമ്മിനുമെതിരെ സ്വപ്ന സുരേഷ് തിരിഞ്ഞിരുന്നു. അതുവരെ മൗനം പാലിച്ച് സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന സ്വപ്ന, സ്വർണക്കടത്ത് കേസിലെയും അനുബന്ധ കേസുകളിലെയും വിവരങ്ങൾ വെളിപ്പെടുത്തിയതോടെ സ്വപ്നയെ പൂട്ടാന്‍ കച്ച കെട്ടിയിറങ്ങിയതാണ് സര്‍ക്കാരും പോലീസും.

അതേസമയം, പി.സി. ജോർജ്ജ് സ്വപ്നയെ കാണുകയും സ്വപ്നയെ പിന്തുണച്ച് മുന്നോട്ടു വരികയും ചെയ്തു. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് ജോലിയും നൽകി. സിപിഎമ്മിനും സര്‍ക്കാരിനും എതിരെ നിന്ന എച്ച്ആര്‍ഡിഎസിന് പൂട്ടിടാന്‍ സര്‍ക്കാര്‍ പലനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി മറ്റൊരു കേസില്‍ പെടുത്തിയാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതെങ്കില്‍ ഒരു വര്‍ഷം മുമ്പുള്ള പരാതി സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.

2022 ജൂലൈ 11 വരെ അജി കൃഷ്ണനെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല. 2021 ജൂണിൽ നടന്ന കുറ്റകൃത്യം 2022 ജൂലൈ 11 ന് വൈകുന്നേരം 6 മണിയോടെയാണ് പോലീസ് അറിയുന്നതെന്ന് പറയുമ്പോള്‍ ഈ കേസിലെ ഗൂഢാലോചനയുടെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 2021 ജൂണ്‍ ആറിന് അര്‍ധരാത്രി 12 മുതല്‍ 11.59 വരെ 12 മണിക്കൂര്‍ സമയം അജി കൃഷ്ണനും കൂട്ടുപ്രതികളും അട്ടപ്പാടി വട്ടലക്കി ആദിവാസി ഊരില്‍ കടന്നു കയറി മാരകായുധങ്ങളുമായി ആദിവാസികളെ ആക്രമിച്ചു എന്നാണ് കേസ്. ഷോളയാര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കേവലം 15 കിലോമീറ്റര്‍ അകലെയാണ് വട്ടലക്കി ആദിവാസി ഊരെന്നിരിക്കെ ഒരു വര്‍ഷത്തിലധികം സമയമെടുത്താണ് കേസ് ചാര്‍ജ് ചെയ്തതെന്ന കാര്യം വിലയിരുത്തിയാല്‍ തന്നെ അതിലെ ഗൂഢാലോചന വെളിപ്പെടും.

പരാതിയില്‍ അജികൃഷ്ണന്‍, ജോയ് മാത്യു, വിവേകാനന്ദന്‍, വേണുഗോപാല്‍ എന്നിവരടക്കം ഏഴ് പ്രതികളാണ് ഉള്ളത്. ഗുരുതരമായ ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. ഐപിസി 143, 147, 148, 447, 436, 427, 324, 506, 149 വകുപ്പുകള്‍ക്ക് പുറമേ, പട്ടിക ജാതി- പട്ടിക വര്‍ഗ അക്രമണ നിരോധന നിയമപ്രകാരമാണ് അജി കൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഭീകര കുറ്റവാളിക്കെതിരെ ചുമത്തുന്ന വകുപ്പുകാണ് ഇതെല്ലാം.

കോവിഡിന് മുമ്പ് വിദ്യാധിരാജ വിദ്യാഭവന്‍ ട്രസ്റ്റിന്റെ ഭൂമിയില്‍ ഔഷധ കൃഷി തുടങ്ങാന്‍ എച്ച്ആര്‍ഡിഎസ് ആലോചിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ വിവാദത്തിന് കാരണം. മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍ നായരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു ആ ട്രസ്റ്റ്. ട്രസ്റ്റിന്റെ കൈവശമുള്ള 46 ഏക്കര്‍ ഭൂമി 30 വര്‍ഷം മുമ്പ് സ്വന്തമാക്കിയതാണ്. രാമചന്ദ്രന്‍ നായരുടെ അനുവാദത്തോടെ ആ ഭൂമിയില്‍ കൃഷി ചെയ്തു. പഞ്ചായത്ത് റോഡിന്റെ ഇരുവശത്തും ഈ വസ്തു ഉണ്ടായിരുന്നു. കൃഷി തുടങ്ങിയപ്പോള്‍ രണ്ട് പേര്‍ പരാതിയുമായി എത്തി.

അതില്‍ ഒരു ഭാഗത്തെ ഭൂമിയിലുള്ള രണ്ടര ഏക്കറിനെ കുറിച്ച് തര്‍ക്കമുണ്ടായതോടെ ആ വസ്തുവില്‍ കൃഷി ചെയ്യേണ്ടെന്നും വച്ചു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ പദ്ധതി തന്നെ പ്രശ്‌നത്തിലായി. ഇതിനിടെ ചിലര്‍ രണ്ട് കുടിലുകള്‍ പോലെ കെട്ടി. അത് ട്രസ്റ്റിനെ എച്ച്ആര്‍ഡിഎസ് അറിയിച്ചു. അവര്‍ പോലീസില്‍ പരാതിയും നല്‍കി. ഭൂമി കൈയേറിയവരോട് രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. അതിന് അവര്‍ക്ക് കഴിഞ്ഞുമില്ല. പിന്നീട് കോടതിയിലും ട്രസ്റ്റ് പരാതിയുമായി എത്തി.

അവകാശവാദം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൈയേറ്റക്കാരോട് കോടതി നിർദേശിച്ചു. എന്നാൽ, രേഖകളൊന്നും ഇവർ ഹാജരാക്കിയില്ല. ഇതോടെ സ്വത്ത് വിദ്യാധിരാജ ട്രസ്റ്റിന് സ്വന്തമായി. ഇവിടെ കൃഷിയിറക്കാൻ എച്ച്ആർഡിഎസിനും നിർദേശം നൽകി. പക്ഷേ അവർ ചെയ്തില്ല. ഇതെല്ലാം കോടതി രേഖകളിലെ വസ്തുതകളാണ്. 2021ൽ പോലീസിന് മുന്നിലെത്തിയ ഈ പരാതിയിൽ കേസെടുത്തിട്ടില്ല. നാടകീയ നീക്കങ്ങളാണ് ഈ കേസിൽ ഇപ്പോൾ നടക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News