കാല്‍ഗറി (കാനഡ): കാനഡയിലെ കാൽഗറിയിലെ കാൻമോറിൽ ഞായറാഴ്ചയുണ്ടായ ബോട്ടപകടത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മലയാളികൾ മരിച്ചു.
മലയാറ്റൂർ നീലേശ്വരം വെസ്റ്റ് നടുവട്ടം പൈലിയുടെയും ജാൻസിയുടെയും മകൻ ജിയോ പൈലി (33), കളമശേരി സ്വദേശികളായ ഷാജി വർഗീസ്-ലില്ലി ദമ്പതികളുടെ മകൻ കെവിൻ വർഗീസ് (21) എന്നിവരാണ് മരിച്ചത്.
കാനഡയിലെ മലയാളി അസ്സോസിയേഷനുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം ആതിരപ്പിള്ളി സ്വദേശി ലിയോ മാത്യുവിനെ (41) യാണ് കാണാതായത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
തൃശൂർ സ്വദേശി ജിജോ ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
കാൻമോറിലെ സ്പ്രേ ലേക്ക് റിസർവോയറിൽ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.
ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരാണ് ഇവർ നാലുപേരും. ബോട്ട് അബദ്ധത്തിൽ മറിഞ്ഞ് റിസർവോയറിലെ തണുത്തുറഞ്ഞ വെള്ളത്തിൽ എല്ലാവരും വീഴുകയായിരുന്നു.
ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.