ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്ത് ഈസ്റ്റ് മേഖലാ കുടുംബ സംഗമം 2022 ജൂലൈ 23-നു ശനിയാഴ്ച ഭദ്രാസന ആസ്ഥാന ദേവാലയമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ചു ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭംകുറിക്കുന്ന ഈ സമ്മേളനത്തില്‍, റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെചേരും. തികച്ചും ആത്മീയമായ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും നവീനമായ ആശയങ്ങളും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ കുടുംബ സംഗമം അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ഉദ്ഘാടനം ചെയ്യും.
‘നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യരായി നടപ്പിന്’ (എഫേസ്യര്‍ 4:1) എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം.
ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വേള്‍ഡ് പീസ് മിഷന് ചെയര്‍മാനും, സുപ്രസിദ്ധ സംഗീത സംവിധായകനും, മികച്ച പ്രഭാഷകനുമായ ഡോ. സണ്ണി സ്റ്റീഫന്‍, ട്രാഡാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സുപ്രസിദ്ധ പ്രഭാഷകയുമായ സിസ്റ്റര്‍ ഡോ. ജോ ആന്‍ ചുങ്കപ്പുര എന്നിവരാണ്. സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി വി.ബി.എസ് രാവിലെ ആരംഭിക്കുന്നതാണ്.
ഉച്ചയ്ക്കുശേഷം ആദ്ധ്യാത്മിക സംഘടനകളുടെ പ്രത്യേക മീറ്റിംഗുകളും, കലാ-കായിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഭദ്രാസന ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ മേഖലാ കുടുംബ സംഗമം വന്‍ വിജയമാക്കിത്തീര്ക്കുന്നതിനായി അതിഭദ്രാസന സെക്രട്ടറി റവ.ഫാ. സജി മര്‍ക്കോസ് കോതകേരില്‍, ജോയിന്റ് സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരില്‍, ട്രഷറര്‍ കമാന്‍ഡര്‍ ബാബു വടക്കേടത്ത്, ജോയിന്റ് ട്രഷറര്‍ നിഷാ വര്‍ഗീസ്, നോര്‍ത്ത് ഈസ്റ്റ് റീജിയന് കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. ജെറി ജേക്കബ്, പി.ഒ ജോര്‍ജ്, ജോയി ഇട്ടന്‍, യോഹന്നാന് പറമ്പാത്ത്, ജെയിംസ് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍മാരായ സാജു പൗലോസ് മാരോത്ത്, ബോബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.