കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആക്രമിക്കപ്പെട്ട നടിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേസ് ഇല്ലാതാക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ മേല്‍നോട്ടം ഈ കേസിൽ വേണമെന്നാണ് നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. അനാവശ്യമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കണമെന്നും ഉത്തരവാദിത്തം വേണമെന്നും നടിയുടെ അഭിഭാഷകയെ ഹൈക്കോടതി ഓർമിപ്പിച്ചു.
ആരോപണങ്ങള്‍ ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും പിന്നീട് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി അറിഞ്ഞുവെന്നും കോപ്പി കിട്ടിയില്ലെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലവുമായി ഈ കേസിന് ബന്ധമില്ലെന്ന് കോടതി പറഞ്ഞു.