കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊബൈൽ ഫോൺ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. നയതന്ത്ര ചാനല്‍ വഴി സ്വർണം കടത്തിയ കേസിൽ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ഫോണിലുണ്ടെന്നാണ് ഇഡിയുടെ നിഗമനം.
തിരുവനന്തപുരത്തെ സെൻട്രൽ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തുക. ഈ ഫോണ്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്തതാണ്. കോടതിയുടെ അനുമതിയോടെയാണ് ഫോണിലെ വിവരങ്ങള്‍ പകർത്താനായി ഇഡി ഫോറൻസിക് ലാബിന് നൽകിയിട്ടുള്ളത്. ഫോണിൽ നിന്ന് എൻഐഎ ശേഖരിച്ച വിവരങ്ങൾ ഇഡിക്ക് കൈമാറിയിട്ടില്ല.
2020 ജൂലൈയില്‍ ബംഗളൂരുവില്‍ വച്ച് സ്വപ്‌നയെ എന്‍ഐഎ അറസ്റ്റ് ചെയ്യുമ്പോള്‍ സ്വപ്‌നയില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇഡി അന്വേഷണം ഏറ്റെടുത്തപ്പോള്‍ 2018 മുതലുള്ള ഫോണ്‍ രേഖകളാണ് ലഭിച്ചത്. സ്വപ്‌നയെ അടുത്തിടെ ചോദ്യം ചെയ്തപ്പോഴാണ് 2016-17 കാലഘട്ടത്തില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചത്.
ഈ ഫോണിൽ നിന്ന് എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിൽ ചില പ്രധാന വീഡിയോകൾ അടങ്ങിയിട്ടുണ്ടെന്ന് സ്വപ്‌ന ഇഡിയോട് വെളിപ്പെടുത്തിയിരുന്നു. ഉന്നതർ ഉൾപ്പെടെയുള്ളവരെ സ്വപ്‌ന നിരന്തരം വിളിച്ചിരുന്നതിന്റെ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ തന്റെ മൊബൈൽ ഫോണിൽ തെളിവുണ്ടെന്ന് സ്വപ്ന ഇഡിയെ അറിയിച്ചിട്ടുണ്ട്. തന്റെ മൊബൈൽ ഫോൺ കിട്ടിയാൽ ഈ ആരോപണങ്ങളെല്ലാം തെളിയിക്കാൻ കഴിയുമെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.