കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു. മൂന്ന് തവണയാണ് കാർഡിന്റെ ഹാഷ് മൂല്യം മാറ്റിയതെന്നാണ് റിപ്പോർട്ട്. തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈം ബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയതായാണ് റിപ്പോർട്ട്. ഹാഷ് മൂല്യം മൂന്ന് തവണ മാറിയെന്ന് പരിശോധനാ ഫലം പറയുമ്പോൾ, സിസ്റ്റത്തിൽ കാർഡ് മൂന്ന് തവണ പരിശോധിച്ചുവെന്നാണ് അർത്ഥമാക്കുന്നത്.
റിപ്പോർട്ടിൽ ഹാഷ് മൂല്യം മാറിയ തീയതി ഉൾപ്പെടുത്തിയതായി സൂചനയുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും വിചാരണക്കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മൂന്നുതവണ മാറ്റിയതായി ക്രൈംബ്രാഞ്ച് മനസ്സിലാക്കുന്നു. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പൾസർ സുനിയിൽ നിന്ന് പിടിച്ചെടുത്ത മെമ്മറി കാർഡ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്.
പിന്നീട് വിചാരണ നടപടികള്‍ക്കായി ജില്ലാ കോടതിയിലെത്തി. ഇവിടെനിന്ന് വിചാരണക്കോടതിയില്‍ മെമ്മറി കാര്‍ഡ് എത്തി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടെ കൈവശമുള്ളപ്പോഴായിരുന്നു പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി ലഭിച്ചത്. വിചാരണക്കോടതിയില്‍ വിസ്താരത്തിനിടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഹാഷ് മൂല്യത്തിൽ വന്ന മാറ്റം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടും. മറ്റന്നാളാണ് തുടർ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ ഏജൻസി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.