മുംബൈ: മഹാരാഷ്ട്രയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. മഹാരാഷ്ട്ര കാബിനറ്റിന്റേതാണ് തീരുമാനം.
മഹാരാഷ്ട്രയിലെ പുതിയ സർക്കാർ മറ്റൊരു വലിയ തീരുമാനവുമെടുത്തതായി പറയുന്നു. 1975ലെ അടിയന്തരാവസ്ഥയെ തുടർന്ന് ജയിലിൽ കിടന്നവർക്ക് സംസ്ഥാനത്ത് പെൻഷൻ നൽകുമെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിൽ 3,600 പേരുണ്ട്. ഉപമുഖ്യമന്ത്രിയുടെ പിതാവും അന്ന് രണ്ട് വർഷവും രണ്ട് മാസവും ജയിലിലായിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ സർക്കാർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. നിലവിൽ 111.35 രൂപയാണ് മുംബൈയിൽ പെട്രോൾ വില. അതിപ്പോള്‍ 106.35 രൂപയാകും. അതുപോലെ ഡീസലിന് മുംബൈയിൽ 97.28 രൂപയാണ് ഇന്നത്തെ വില. ഇപ്പോൾ അത് ലിറ്ററിന് 94.28 രൂപയാകും.
ഒന്നര മാസം മുമ്പാണ് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം എട്ട് രൂപയും ആറ് രൂപയും കേന്ദ്രം കുറച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്ര സർക്കാരും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ലിറ്ററിന് യഥാക്രമം 2.08 രൂപയും 1.44 രൂപയും കുറച്ചിരുന്നു.