ന്യൂഡൽഹി: ജഹാംഗീർപുരി അക്രമക്കേസിൽ ഡൽഹി പൊലീസ് രോഹിണി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അക്രമക്കേസിൽ പങ്കാളികളായ 37 പേർക്കെതിരെയാണ് ഡൽഹി പൊലീസ് 2063 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ഇതുവരെ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 പേര് ഇപ്പോഴും ഒളിവിലാണ്.
ഐപിസി സെക്ഷൻ 186, 353, 332, 323, 436, 109, 147, 148, 149, 307, 427, 120 ബി, 34, 25-27 ആംസ് ആക്ട് എന്നിവ പ്രകാരമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റവാളികളെ പിടികൂടാൻ, 2300-ലധികം മൊബൈൽ വീഡിയോകളുടെയും സിസിടിവികളുടെയും സഹായം പോലീസ് എടുക്കുകയും മൊബൈൽ ഡംപ് ഡാറ്റ, സിഡിആർ, ഫോൺ ലൊക്കേഷൻ എന്നിവ അന്വേഷിക്കുകയും ചെയ്തു. ഇവരെ പിടികൂടാൻ ഫേസ് റെക്കഗ്നിഷൻ സിസ്റ്റത്തിന്റെ സഹായവും പോലീസ് സ്വീകരിച്ചിരുന്നു, ഇത് കുറ്റവാളികളെ തിരിച്ചറിയാൻ സഹായിച്ചു.
ഏപ്രിൽ 18ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും, ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. അക്രമികളില്‍ നിന്ന് 9 തോക്കുകളും 5 വെടിയുണ്ടകളും 9 വാളുകളും ഉൾപ്പെടെ നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഈ 37 പേരിൽ 20 പേരെ സിസിടിവി, വൈറൽ വീഡിയോകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ 21 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ 132 സാക്ഷികളുണ്ട്, അതിൽ 85 പോലീസുകാരും 47 സാധാരണക്കാരുമാണ്. അക്രമ പ്രവര്‍ത്തനം നടത്തിയവരെ പിടികൂടാൻ 13 സംഘങ്ങളെ രൂപീകരിച്ചു.