കൊൽക്കത്ത: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് പോലീസിൽ പരാതി നൽകാതിരിക്കാന്‍ 1000 രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ കൊൽക്കത്തയിലെ ജനങ്ങളെ ഞെട്ടിച്ചതായി റിപ്പോര്‍ട്ട്. കൊൽക്കത്ത പോലീസിന് കീഴിലുള്ള ഒരു വനിതാ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാഗ്ദാനം ചെയ്തതാണ് സംഭവം കൂടുതൽ വിവാദമായത്.
വിഷയം ഗൗരവമായതോടെ ലാൽ ബസാറിലെ കൊൽക്കത്ത പോലീസ് ആസ്ഥാനത്ത് നിയോഗിച്ച ഉദ്യോഗസ്ഥർ സജീവമാകുകയും എഫ്‌ഐആർ ഫയൽ ചെയ്ത് നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇരയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്. കൊൽക്കത്ത പോലീസിന്റെ ഈസ്റ്റേൺ സബർബൻ ഡിവിഷനു കീഴിലുള്ള ഉൽതദംഗ പോലീസ് സ്റ്റേഷനാണ് സംഭവം.
ചൊവ്വാഴ്ച (ജൂലൈ 12) ആയിരുന്നു സംഭവം നടന്നത്. ഇരയായ യുവതി മഴ നനയാതിരിക്കാന്‍ ആളൊഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഷെഡിൽ നില്‍ക്കുമ്പോഴാണ് മൂർച്ചയേറിയ ആയുധവുമായി ഒരാൾ ബലം പ്രയോഗിച്ച് കനാൽ ഭാഗത്തേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ബോധം നഷ്ടപ്പെട്ട യുവതി വൈകുന്നേരം ബോധം വീണപ്പോള്‍ എങ്ങനെയോ അവരുടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉൽതദംഗയിലെ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. എന്നാൽ, അതേ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും 1000 രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു.
വെള്ളിയാഴ്ച, കുടുംബാംഗങ്ങൾ സിറ്റി പോലീസ് ആസ്ഥാനത്തെ സമീപിക്കുകയും സംഭവങ്ങളുടെ മുഴുവൻ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കുകയും ചെയ്തു. സംഭവത്തിൽ കൊൽക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
“കുറ്റകൃത്യം നടക്കുന്ന സ്ഥലം അങ്ങേയറ്റം ആളൊഴിഞ്ഞതും സിസിടിവിയുടെ പരിധിയിൽ വരാത്തതുമാണ് പ്രശ്നം. അതിനാൽ, ഇരകളുടെ മൊഴികളെ മാത്രമേ ഞങ്ങൾ ആശ്രയിക്കേണ്ടതുള്ളൂ,” സിറ്റി പോലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.