തിരുവനന്തപുരം: രാമായണ മാസാചരണത്തോടനുബന്ധിച്ച് ജടായു പാറ കോദണ്ഡ രാമ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന വീര ജടായു പുരസ്‌കാരം കുസുമം ആര്‍ പുന്നപ്രയ്ക്ക്. ജൂലൈ 17 ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ പുരസ്‌ക്കാരം സമ്മാനിക്കും.
സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ അവധി കിട്ടുന്നതിനും മുലയൂട്ടാനുള്ള സൗകര്യം ലഭിക്കുന്നതിനും വേണ്ടി നിയമയുദ്ധം നടത്തുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ഒറ്റയാള്‍ പോരാട്ടം പിരിഗണിച്ചാണ് കുസുമം ആര്‍ പുന്നപ്രയക്ക് അവാര്‍ഡ് നല്‍കുന്നത്. അസംഘടിത തൊഴിലാളി സ്ത്രീകള്‍ക്കുവേണ്ടി ഇത്രകണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി അവകാശങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു സ്ത്രീ വേറെയില്ല.
അമ്മയുടെ മുലപ്പാല്‍ കുടിക്കുവാനുള്ള അവകാശം അസംഘടിത മേഖലയിലെ ശബ്ദമില്ലാത്ത സ്ത്രീകളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതിനെതിരെ ആരംഭിച്ചതാണ് കുസുമത്തിന്റെ പോരാട്ടം. ആദ്യ പോരാട്ടത്തിന്റെ വിജയം കുസുമത്തിലെ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഊര്‍ജ്ജമായി. പിന്നെ പ്രസവാനുകൂല്യങ്ങള്‍ ഐടി കമ്പനി ജീവനക്കാരികള്‍ക്ക് ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ വീണ്ടും പോരിനിറങ്ങി. 2014 ജൂണ്‍ 27ന് സംസ്ഥാന വനിതാകമ്മീഷനില്‍ തുടങ്ങിയ കുസുമത്തിന്റെ പോരാട്ടം 2017 മാര്‍ച്ച് 9ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്ല് പാസ്സാക്കുന്നിടം വരെ തുടര്‍ന്നു. ഇതേ രീതിയില്‍ സ്വകാര്യ മേഖലയിലുള്ള സ്‌ക്കൂളുകള്‍, മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, നഴ്‌സിംഗ് കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കും പ്രസവാനുകൂല്യം നേടിക്കൊടുത്തത് കുസുമത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ്.
നല്ലൊരു സാഹിത്യകാരികൂടിയായ കുസുമം. കഥ, നോവല്‍, ലേഖനങ്ങള്‍ എന്നിങ്ങനെ എഴുത്തിന്റെ മേഖലയിലും വ്യാപൃതയാണ്.
കെല്‍ട്രോണിലെ ജീവനക്കാരിയായിരുന്ന കുസുമം ആലപ്പുഴയിലെ പുന്നപ്ര സ്വദേശിയാണ്. തിരുവനന്തപുരം കാഞ്ഞിരംപാറ മരുതന്‍കുഴി പാലാഴിയില്‍ താമസം.