തിരുവനന്തപുരം: ‘ജവാന്’ ശേഷം ‘മലബാർ ബ്രാന്‍ഡി ‘ എന്ന പേരിൽ പുതിയ വില കുറഞ്ഞ മദ്യം നിർമ്മിച്ച് പുറത്തിറക്കാൻ ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ പുതിയ മദ്യ നിർമ്മാണത്തിനൊരുങ്ങുകയാണ് കോർപ്പറേഷൻ. ‘മലബാർ ബ്രാണ്ടി’ എന്ന പേരിലായിരിക്കും അത് നിര്‍മ്മിക്കുന്നത്.
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ബെവ്‌കോ നേരിട്ട് മദ്യനിർമ്മാണത്തിലേക്ക് കടക്കുന്നത്. പുതുതായി ചുമതലയേറ്റ എംഡി യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ബെവ്‌കോയ്ക്ക് മദ്യം നിർമിക്കാൻ അനുമതി നൽകിയത്. ബിവറേജസ് കോർപ്പറേഷന്റെ ഉപസ്ഥാപനമായാണ് മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് പ്രവർത്തിക്കുക.
ഒരു ലിറ്റര്‍ മദ്യത്തിന് 600 രൂപ: മദ്യം നിര്‍മിക്കുന്നതിനാവശ്യമായ പ്ലാന്‍റിന്‍റെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ ആരംഭിക്കും. പ്രതിദിനം 10,000 മുതല്‍ 15,000 കേസ് (ഒരു കേസ് ഒന്‍പത് ലിറ്റര്‍) മദ്യം നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഒരു ലിറ്റര്‍ മദ്യത്തിന് ഏകദേശം 600 രൂപ നിരക്കില്‍ നല്‍കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യം. നിലവില്‍, തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ലമിറ്റഡ് നിര്‍മിക്കുന്ന ജവാന്‍ റം ആണ് ബിവറേജസ് കോര്‍പ്പറേഷന് സ്വന്തമായുള്ളത്.
മൂന്ന് പ്ലാന്റുകളിലായി പ്രതിദിനം 10,000 കെയ്‌സ് ജവാന്‍ മദ്യമാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. രണ്ട് പുതിയ പ്ലാന്റുകൾ സ്ഥാപിച്ച് ജവാന്റെ ഉൽപ്പാദനം പ്രതിദിനം 15,000 കെയ്‌സായി ഉയർത്താനും പദ്ധതിയുണ്ട്. നേരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. വിലകൂടിയ മദ്യം വിൽപന പ്രോത്സാഹിപ്പിക്കുന്ന ബെവ്‌കോ അധികൃതരുടെ സമീപനവും ഉപഭോക്താക്കളുടെ ശക്തമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.