ഡെറാഡൂൺ: വിലക്കയറ്റത്തിലും പ്രകൃതിക്ഷോഭത്തിലും വലയുന്ന ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് ഇപ്പോൾ യാത്ര ചെലവേറിയിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ യാത്രാ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും നിരക്ക് 15 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചു. മാത്രമല്ല, ചാർധാം യാത്രയും ചെലവേറിയതായി മാറിയിരിക്കുന്നു. ടാക്‌സി നിരക്ക് 22 ശതമാനവും ചാർധാം യാത്രയ്‌ക്കായി സർവീസ് നടത്തുന്ന ബസുകൾക്ക് 27 ശതമാനവും വർധിപ്പിച്ചു. കൂടാതെ, മുച്ചക്ര വാഹനങ്ങളുടെ നിരക്ക് 15 മുതൽ 18 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. യാത്രാ, ചരക്ക് വാഹനങ്ങളുടെ നിരക്ക് രണ്ട് വർഷത്തിന് ശേഷമാണ് വര്‍ധിപ്പിച്ചത്. നേരത്തെ, 2020 ഫെബ്രുവരി 18 നാണ് നിരക്ക് വർധിപ്പിച്ചത്.
ഇതിനുപുറമെ, ഇ-റിക്ഷകൾ, വാടകയ്ക്ക് ഓടുന്ന ഇരുചക്ര വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്കും പുതിയ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. യാത്രാനിരക്ക് വർധിപ്പിക്കുന്ന വിഷയത്തിൽ സംസ്ഥാന ഗതാഗത അതോറിറ്റി (എസ്‌ടിഎ) രണ്ടു ദിവസം മുമ്പ് യോഗം ചേർന്നു. റോഡ്‌വേ ബസുകൾ, സ്വകാര്യ ബസുകൾ, ഓട്ടോകൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച ബാദൽ ട്രാൻസ്‌പോർട്ട് ആസ്ഥാനം പുറത്തിറക്കി.