തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താനും വിദഗ്ധ പരിചരണം ഉറപ്പാക്കാനുമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുരങ്ങുപനിയുടെ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന വിമാനയാത്രക്കാർക്കും ഹെൽപ്പ് ഡെസ്ക് സേവനവുമായി ബന്ധപ്പെടാമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഹെൽപ്പ് ഡെസ്ക്കുകൾ കൈകാര്യം ചെയ്യുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്തെ ആദ്യത്തെ കുരങ്ങു പനി കേസ് കേരളത്തിൽ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില നിലവിൽ തൃപ്തികരമാണ്.
കൂടാതെ, കുരങ്ങു പനി സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കപ്പെട്ട മാതാപിതാക്കളും സഹയാത്രക്കാരും നിരീക്ഷണത്തിലാണ്. ഇവരിൽ ആർക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയിരുന്നു. നാഷണല്‍ സെന്റർ ഫോര്‍ ഡിസീസ് കണ്ട്രോള് ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ആര്‍എംഎല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖല അഡ്വൈസര്‍ ഡോ. പി രവീന്ദ്രന് എന്നിവര്‍ക്ക് പുറമെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് എത്തിയത്.