കോട്ടയം: പോലീസിനും കോടതിക്കുമെതിരെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് വനിതാ എഎസ്ഐ. പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ വനിതാ എഎസ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വനിതാ എഎസ്ഐ റംല ഇസ്മയിൽ ഷെയര്‍ ചെയ്തത്.
ഈ മാസം അഞ്ചിന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഒരു ബാലന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ജയിൽ മോചിതരായപ്പോൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പോലീസിനും കോടതി നടപടിക്കുമെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ വനിതാ എഎസ്ഐ റംല ഇസ്മയിൽ ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. അതേസമയം റംലയ്‌ക്കെതിരെ നടപടിയെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
റംലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായിബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു. ഈ സംഭവം അമ്പരപ്പിക്കുന്നതാണെനും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഹരി വ്യക്തമാക്കി.