ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച(ജൂലായ് 17) വൈകീട്ട് 6 മണിക്ക് 22 വയസ്സുക്കാരനായ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, മൂന്നാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗ്രീന്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജീം ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ സമയം അവിടെ ഉണ്ടായിരുന്ന മറ്റൊരു യുവാവ് അക്രമിയെ വെടിവെച്ചു. വെടിയേറ്റ അക്രി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിയമപരമായി തോക്കു കൈവശം വയ്ക്കാന്‍ അനുമതിയുള്ള യുവാവാണ് അക്രമിക്കുനേരെ നിറയൊഴിച്ചത്.
വെടിയേറ്റ നാലുപേരില്‍ മൂന്ന് പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമാണ്. 12 വയസ്സുള്ള ഒരു കുട്ടിക്കും വെടിയേറ്റിട്ടുണ്ട്.
ഇന്ത്യാന പോലീസ് മെട്രോപോലിറ്റന്‍ പോലീസും, മറ്റു ഏജന്‍സികളും സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെച്ചുവെന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്‍ ഒരു റൈഫിളും, നിരവധി മാഗസിനും, കൈയ്യില്‍ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് മരിച്ചവരുടേയും, അക്രമിയുടെയോ, അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റേയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവെപ്പു സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് യു.എസ്. ഹൗസ് ജുഡീഷറി കമ്മിറ്റി അസ്സോള്‍ട്ട് വെപ്പന്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് തയ്യാറാകുമ്പോഴാണ് ഈ പുതിയ സംഭവം.