ന്യൂഡൽഹി: മാലിദ്വീപിലെ ജുഡീഷ്യൽ സർവീസ് കമ്മീഷനുമായി ജുഡീഷ്യൽ സഹകരണ മേഖലയിൽ ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.
ഇന്ത്യയും മാലിദ്വീപിലെ ജുഡീഷ്യൽ സർവീസ് കമ്മീഷനും തമ്മിലുള്ള ജുഡീഷ്യൽ സഹകരണ മേഖലയിൽ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് അംഗീകാരം നൽകിയത്. ജുഡീഷ്യൽ സഹകരണ മേഖലയിൽ ഇന്ത്യയും മറ്റ് രാജ്യങ്ങളും ഒപ്പുവെക്കുന്ന എട്ടാമത്തെ ധാരണാപത്രമാണിത്.
ഈ ധാരണാപത്രം കോടതി ഡിജിറ്റലൈസേഷനായി ഇൻഫർമേഷൻ ടെക്നോളജിയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യും. കൂടാതെ, ഇരു രാജ്യങ്ങളിലെയും ഐടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വളർച്ചാ സാധ്യതയുള്ള മേഖലയായിരിക്കും.
സമീപ വർഷങ്ങളിൽ, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള അടുത്ത ബന്ധം ബഹുമുഖമായി തീവ്രമായിട്ടുണ്ട്. നിയമ-നീതി മേഖലയിലെ സഹകരണം സംബന്ധിച്ച ഈ കരാർ ഒപ്പുവെക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് കൂടുതൽ ഊർജം ലഭിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ ജുഡീഷ്യൽ, മറ്റ് നിയമ മേഖലകളിലെ അറിവും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാൻ ഇത് സഹായിക്കുക മാത്രമല്ല, “അയൽപക്കത്തിന് ആദ്യം” എന്ന നയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.