തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബിജെപിയും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും, അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
രാജ്യത്തെ എല്ലാ കേന്ദ്ര ഏജൻസികളെയും, പ്രത്യേകിച്ച് ഇഡിയെയും കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ കളിപ്പാട്ടങ്ങളാക്കി മാറ്റി. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലും നടക്കാത്ത കേസാണിതെന്ന് ഷാഫി പറഞ്ഞു.
രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ബിജെപിയുടെ പോഷക സംഘടനയാണ് ഇ ഡി. ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്.
പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡല്‍ഹി ശിവാജി ബ്രിജ് സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ തടഞ്ഞു.
അതേസമയം ഉച്ചവരെയുള്ള ഇ.ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സോണിയാഗാന്ധി മടങ്ങി. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് സോണിയ മടങ്ങിയത്.