അന്നൊരിക്കല്‍ ഗ്രനാസി, മൈക്കെലാഞ്ജലോയെ ഡൊമിനിക്കോ ഗിലാന്‍ഡായുടെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ളോറന്‍സിലെ പ്രസിദ്ധമായ ചിത്രരചനാ സ്‌കൂള്‍! നവോത്ഥാനത്തോടനുബന്ധിച്ച് അവിടെ വിദ്യാര്‍ത്ഥികളുടെ തിരക്ക്. പത്തിനും പതിനെട്ടിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍. അവര്‍ പലതരക്കാരുണ്ട്. കര്‍ഷകരുടെ മക്കള്‍, വ്യവസായികളുടെ മക്കള്‍, ചുരുക്കം ചില പ്രഭുക്കളുടെ മക്കള്‍. സ്റ്റുഡിയോ നിറയെ വിദ്യാര്‍ത്ഥികള്‍ വരച്ച വര്‍ണ്ണ ചിത്രങ്ങള്‍, പ്രകൃതി, പുക്കള്‍, മൃഗങ്ങള്‍, മാലാഖമാര്‍, വിശുദ്ധര്‍, മല്ലന്മാര്‍, സുന്ദരികള്‍, കടല്‍, കപ്പലോട്ടക്കാര്‍, ആകാശം, മരുഭുമി, ദ്വീപുകള്‍ – അങ്ങനെ വിവിധതരം കാഴ്ചകള്‍.
ഗ്രനാസി, മൈക്കിളിനെ ഗിലാന്‍ഡയ്ക്കു പരിചയപ്പെടുത്തി…
“ഗുരോ, ഇതെന്റെ സതീര്‍ത്ഥ്യന്‍, മൈക്കിള്‍. ആന്‍ജലോ, ബുവോണാററ്റി പ്രഭു കുടുംബത്തില്‍പ്പെട്ട കുട്ടിയാണ്. അറിയില്ലേ ലുഡ്‌വിക്കോ ബ്രൗണറോറ്റിയെ കാപ്രസി മേയര്‍!”
“തീര്‍ച്ചയായും!”
“ഇവന്‍ ചിത്രരചനയില്‍ അതീവ സമര്‍ത്ഥനായിരിക്കും. നോക്കു, ഇവന്‍ വരച്ച എന്റെ കൂട്ടുകാരിയുടെ ചിത്രം”
ഗ്രാനസി ചിത്രം ഗിലാന്‍ഡയെ കാണിച്ചിട്ട്….
“എന്റെ കൂട്ടുകാരിയെ ഗുരുവും കണ്ടിട്ടുണ്ടല്ലോ. നോക്ക്, ഇവന്‍ എത്ര ഭംഗിയായി വരച്ചിരിക്കുന്നു. അവളുടെ സ്വര്‍ണ്ണമുടിയും നീലക്കണ്ണുകളും പവിഴ അധരങ്ങളും. ഞാന്‍ എത്ര പണിപ്പെട്ടിട്ടും അവളുടെ ഇത്ര മനോഹരമായ ഒരു ചിത്രം വരച്ചിട്ടില്ല.”
“അതേ, അതേ, അത്ഭുതം തന്നെ! ഗിലാന്‍ഡായുടെ കണ്ണുകള്‍ വിടര്‍ന്നു. ചിത്രരചന വശമാക്കാതെ ഇത്ര വശ്യമായ ചിത്രം വരയ്ക്കാന്‍ കഴിയുന്ന ഇവന്റെ ഉള്ളില്‍ ഭാവനയുടെയും, സര്‍ഗ്ഗശക്തിയുടെയും മാലാഖമാരുടെ ചിറകടി ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ആകട്ടെ, ഇന്നുതന്നെ നിനക്കിവിടെ ചേര്‍ന്നു പഠിക്കാം.”
“ഒരുപക്ഷേ”, ഗ്രാനസി അര്‍ത്ഥോക്തിയില്‍ നിര്‍ത്തി.
“എന്ത്?”
“സെഞ്ഞോറ ഗിലാന്‍ഡാ.”
“ഒരുപക്ഷേ, അങ്ങ് പറഞ്ഞാല്‍ ഇവന്റെ അപ്പന്‍ സമ്മതിക്കുമായിരിക്കും. ഇവിടെ ചിത്രരചന പഠിക്കാന്‍.”
“ഞാന്‍ എന്തിനു പറയണം? ചിത്രരചന പഠിക്കാന്‍ താല്പര്യമുള്ള ഇവന്‍ തന്നെയല്ലേ, ഇവന്റെ അപ്പനോട് പറഞ്ഞ് അനുവാദം വാങ്ങേണ്ടത്?”
“അതു തന്നെയാണ് ഞാന്‍ പറഞ്ഞുവരുന്നത്, സെഞ്ഞോര്‍ ഗിലാന്‍ഡാ അങ്ങുതന്നെ പറഞ്ഞാലേ ഇവന്റെ അപ്പന്‍ സമ്മതിക്കൂ. അങ്ങ് ഏവര്‍ക്കും സുപരിചിതനും പ്രശസ്തനും സര്‍വ്വസമ്മതനുമാണല്ലോ. പ്രഭുകുടുംബത്തില്‍ പിറന്ന ഇവന്‍ ഒരു ചിത്രകാരനാകാന്‍ ഇവന്റെ അപ്പന് അഭിമാനക്കുറവുണ്ട്. കുറഞ്ഞ പക്ഷം ഇവനൊരു ജഡ്ജിയോ, മേയറോ ഒക്കെത്തന്നെ ആകണമെന്നാണ് ഇവന്റെ അപ്പന്റെ അഭിലാഷം.”
ഗിലാന്‍ഡോ ഒരുനിമിഷം ചിന്തിച്ചശേഷം പറഞ്ഞു….
“വേണമെങ്കില്‍ ഞാന്‍തന്നെ പോയി ഇവനുവേണ്ടി ശുപാര്‍ശ ചെയ്യാം. ഇവിടെത്തന്നെ പ്രഭു കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ചിത്രരചന അഭ്യസിക്കുന്നുണ്ടല്ലോ. പഴയ കാലമൊക്കെ പോയി. ചിന്താഗതികളും മാറി. ഇപ്പോള്‍ പഴയ കല്ലുവെട്ടുകാരും ചിത്രകാരന്മാരും അതിപ്രശസ്തരായി മാറിക്കൊണ്ടിരിക്കുന്നു. അവരൊക്കെ സമുഹത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിക്കൊണ്ടിരി ക്കുന്നു. ധനംകൊണ്ടും പ്രശസ്തികൊണ്ടും.”
പിറ്റേന്ന് വൈകുന്നേരം, ലുഡ്‌വിക്കോ ബുവോണാററ്റിയുടെ വീടിന്റെ പൂമുഖത്ത് ഒരു കുതിരവണ്ടി വന്നുനിന്നു. അതില്‍നിന്നും പ്രശസ്ത ചിത്രകാരനായ ഡൊമിനിക്കോ ഗിലാന്‍ഡോ ഇറങ്ങിവന്നു. പുമുഖത്ത് ചുരുട്ടു വലിച്ച് ഉലാത്തിക്കൊണ്ടിരുന്ന ലുഡ്‌വിക്കോ സഗൗരവം ആഗതനെ വീക്ഷിച്ച് ചോദിച്ചു….
“താങ്കള്‍?”
സവിനയം ഗിലാന്‍ഡോ പറഞ്ഞു…
“ഞാന്‍ ചിത്രകാരന്‍ ഡൊമിനിക്കോ ഗിലാന്‍ഡോ. നഗരത്തില്‍ ചിത്രരചനാ സ്‌കൂള്‍ നടത്തുന്നു.”
“കേട്ടിട്ടുണ്ട്. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!”
ലുഡ്‌വിക്കോയുടെ കണ്ണുകള്‍ വിടര്‍ന്നു. അദ്ദേഹം ഗിലാന്‍ഡായെ ഹസ്തദാസം നല്‍കി സ്വീകരിച്ചു.
“വരു, വരു, പ്രശസ്ത ചിത്രകാരനായ ഡൊമിനിക്കോ ഗിലാന്‍ഡാ! താങ്കളെപ്പറ്റി ഫ്ലോറന്‍സു മാത്രമല്ല റോം, വെനീസ്, ജനോവാ, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ കടുത്ത ആരാധനയുണ്ട്. താങ്കള്‍ വരച്ച ചിത്രങ്ങള്‍ കത്തീഡ്രലുകളിലും നഗര സഭാമന്ദിരങ്ങളിലും ജനങ്ങള്‍ വിസ്മയത്തോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെ ഈ കാലഘട്ടത്തിന് താങ്കളുടെ ചിത്രങ്ങള്‍ ആക്കം കൂട്ടിയിട്ടുണ്ട്. താങ്കളുടെ ചിത്രങ്ങളുടെ പ്രത്യേകത നിറക്കൂട്ടുകളുടെ പ്രത്യേകതകള്‍ തന്നെ. എനിക്കു തോന്നുന്നത് താങ്കള്‍ക്കു മുമ്പ ഇത്തരം നിറങ്ങളില്‍ ആരും തന്നെ ചിത്രമെഴുതിയിട്ടില്ല എന്നതുതന്നെ!”
ഗിലാന്‍ഡ പുഞ്ചിരിച്ചു.
“ശരിയാണ്. നിറങ്ങള്‍ അവ സംയോജിപ്പിക്കുമ്പോഴാണ് യഥാര്‍ത്ഥ ചിത്രങ്ങള്‍ ജനിക്കുന്നത്. നിറക്കൂട്ടില്ലാതെ എന്തു ചിത്രങ്ങള്‍! ശില്പികള്‍ക്ക് കൊത്താന്‍ കല്ലുണ്ട്. ചിത്രകാരന് കാന്‍വാസോ, ഫ്രസ്‌ക്കോ ചുമരുകളോ പോരാ. മിഴിവുള്ള ചിത്രങ്ങള്‍ അവയില്‍നിന്ന് ഉരുത്തിരിയണമെങ്കില്‍ കരുത്തുള്ള നിറക്കൂട്ടുകള്‍തന്നെ വേണം.”
“അപ്പോള്‍ ഞാന്‍ വന്നതു പറയാമല്ലോ. താങ്കളുടെ മകന്‍ മൈക്കെലാഞ്ജലോ എന്നെ കാണാന്‍ എത്തിയിരുന്നു, എന്റെ ഒരു അഭ്യസ്ഥ വിദ്യാര്‍ത്ഥിയായ ഗ്രാനസിക്കൊപ്പം. താങ്കളുടെ മകന്‍ വരച്ച ഒരു ചിത്രം ഗ്രാനസി എന്നെ കാട്ടി. അവന്റെ സുന്ദരിയായ കൂട്ടുകാരിയുടെ ചിത്രം. അവളെ ഞാനും കണ്ടിട്ടുള്ളതാണ്. വാസ്തവത്തില്‍ ഞാന്‍ അതിശയിച്ചുപോയി. എത്ര മനോഹരമായ വര! അവളുടെ വശ്യമായ മന്ദസ്മിതം പോലും. ചിത്രരചന അഭ്യസിക്കാത്ത, നിറക്കൂട്ടുകള്‍ നിര്‍മ്മിക്കാന്‍ അഭ്യസിക്കാത്ത താങ്കളുടെ പുത്രന്‍ ഒരു പ്രതിഭയാകുമെന്നുറപ്പുണ്ട്. ചുണ്ണാമ്പും കരിയും മഞ്ഞളും പല നിറമുള്ള കല്ലുകളും അരച്ച് കൂട്ടിച്ചേര്‍ത്താണ് അവന്‍ സ്വയം നിറക്കൂട്ട് നിര്‍മ്മിച്ചതെന്ന് കേട്ടപ്പോള്‍ത്തന്നെ എനിക്കു തോന്നി താങ്കളുടെ മകന്‍ ചിത്രരചനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന്.”
ലുഡ്‌വിക്കോ ഒരാലോചനയില്‍ മുഴുകി ഉണര്‍ന്നെണീക്കുംപോലെ പറഞ്ഞു…
“താങ്കള്‍ക്കറിയാമല്ലോ! ഞങ്ങളുടെ അപ്പനപ്പുപ്പന്മാര്‍ തുടങ്ങി ഫ്ളോറന്‍സിലെ കമ്പിളി കയറ്റുമതിക്കാരാണ്. ചിത്രരചനയോ, ശില്പവേലയോ ഇക്കാലഘട്ടത്തില്‍ നിലയും വിലയുമുള്ളുതായി അംഗീകരിക്കപ്പെട്ടിട്ടില്ലല്ലോ, ചുരുക്കം ചിലരൊക്കെ അതില്‍ വിജയിച്ചെങ്കില്‍ത്തന്നെ. നോക്കു, എന്റെ രണ്ടാം ഭാര്യ തന്നെ കര്‍ദിനാള്‍ അബ്രേസിയുടെ പാരമ്പര്യത്തില്‍പ്പെട്ടവളാണ്. അപ്പോള്‍ എന്റെ മകന്‍ വെറുമൊരു പടം വരക്കാരനായി ഒരു തൊഴിലിലെത്തുക, എന്റെ രണ്ടാം ഭാര്യ ലുക്രേസ്യാ ഒട്ടും തന്നെ രമ്യപ്പെടുകയില്ല.”
ഗിലാന്‍ഡാ നെറ്റി ചുളിച്ചു പറഞ്ഞു….
“അതിനൊരു പോംവഴിയുണ്ട്. ലുക്രേസ്യാ തല്ക്കാലം അറിയണ്ട. മൈക്കിളിന്റെ ഗ്രാമര്‍ സ്കൂള്‍ തീരും വരെ അവന്‍ ചിത്രകല കൂടി പഠിക്കട്ടെ. എനിക്ക് അവനെപ്പറ്റി പ്രതീക്ഷയുണ്ട്. ഫ്യുഡല്‍ വ്യവസ്ഥിതിയിലുള്ള അഴിച്ചുപണിയിലാണ് ഫ്ളോറന്‍സും മെഡിറ്ററേനിയന്‍ തീരങ്ങളും. എത്ര എത്ര പ്രഭുകുരമാരന്മാര്‍ ചിത്രകലയിലും ശില്പകലയിലും മറ്റും ഉന്നത പദവി ഉള്ളവരെക്കാളേറെ മുമ്പിലെത്തി. വെറോച്ചിയോ, ബോട്ടിസെല്ലി, സിങ്നോറല്ലി, ഗിര്‍ലാന്‍ഡോ… പിന്നെ ചെറുപ്പക്കാരനായ ലിയനാഡോ വരെ. ഇവരിലേറെപ്പേര്‍ പ്രഭുകുടുംബങ്ങളില്‍ നിന്നുതന്നെ. കാലം മാറിക്കൊണ്ടിരിക്കുകയാണ്. കലയിലും സംസ്കാരങ്ങളിലും ഏറെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലം. ഗോഥിക് കത്തീഡ്രലുകള്‍ തന്നെ നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നു. ചിത്രരചനകളിലും ശില്പകലകളിലും എന്തെന്തു മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഭാവനകള്‍ ചിത്രനിറക്കുട്ടിലും ശില്പകലയില്‍ മാര്‍ബിളിലും വിരിയുന്ന അത്ഭുതങ്ങള്‍ ദര്‍ശിക്കുന്ന പുതിയ തലമുറയും സംസ്കാരവുമാണ് ഇന്നു നമ്മുടേത്.”
“അതൊക്കെ ശരിതന്നെ. എങ്കിലും മഞ്ഞിലും മഴയിലും വെയിലിലും നിന്ന് വരയ്ക്കുകയും കൊത്തുകയും ചെയ്യുന്ന ചിര്രകാരന്മാരെയും ശില്പികളെയും ഇന്നും സമൂഹം കാണുന്നതു താഴത്തെ തട്ടുകാരായിത്തന്നെ. വിദ്യാഭ്യാസമുള്ളവര്‍ എന്തിന് വെയിലിലും മഴയിലും മഞ്ഞിലും നിന്നു പണിയെടുക്കണം? അത്തരം ജോലിക്കാരുടെ ചായം പുരണ്ട, പൊടിപുരണ്ട വസ്ത്രങ്ങളും മേനികളും പരുക്കന്‍ കൈകളും പ്രഭുകുമാരികള്‍ ഇഷ്ടപ്പെടുമോ, അപ്പോള്‍ അത്തരക്കാരൊന്നും അവരുടെ കൂട്ടുകാരികളായോ ഭാര്യമാരായോ എത്തില്ല. കേട്ടിട്ടുണ്ട്. ഇത്തരം കലാകാരന്മാരുടെ കുത്തഴിഞ്ഞ ജീവിതത്തെപ്പറ്റി ഊണും ഉറക്കവുമില്ലാതെ തെരുവുകളിലോ മദ്യശാലകളിലോ അലഞ്ഞുതിരിയുന്ന \വര്‍. മിക്കവര്‍ക്കും കുടുംബമെന്ന് പറയാന്‍ ഒന്നില്ല. ജിപ്സികളെപ്പോലെ സഞ്ചരിച്ചു നടന്ന് വരച്ചോ കൊത്തിയോ കാലക്ഷേപം കഴിക്കുന്ന കൂട്ടര്‍. തെരുവു വേശ്യകളുടെ കുടെ ഉറങ്ങുന്ന കൂട്ടര്‍. മയക്കു മരുന്നും മദ്യവും സദാ സഞ്ചിയില്‍ കരുതി നടക്കുന്നവര്‍. ഇവര്‍ക്കൊക്കെ എവിടെ സാമൂഹ്യ ജീവിതം! ഒരു തരത്തില്‍ പറഞ്ഞാല്‍ മെഡിറ്ററേനിയന്‍ കടലില്‍ ഒളിവ് സങ്കേതങ്ങളില്‍ പാര്‍ക്കുന്ന കടല്‍ക്കൊള്ളക്കാരെക്കാള്‍ മെച്ചപ്പെട്ടവരോ ഇവര്‍!”
“സെഞ്ഞ്വാറാ ലുഡ്‌വിക്കോ, താങ്കളുടെ ഈ ധാരണകള്‍ തെറ്റാണ്. എല്ലാ സമൂഹത്തിലുമുണ്ടല്ലോ കുത്തഴിഞ്ഞവര്‍. എത്ര ഇടപ്രഭുക്കള്‍, പ്രഭുക്കള്‍, രാജാക്കന്മാര്‍, ആര്‍ച്ചു ബിഷപ്പുമാര്‍ ഇവരെല്ലാം നൂറുശതമാനം ധാര്‍മ്മിക ബോധം ഉള്ളവരായിരിക്കണമെന്നില്ല. തൊഴില്‍ അഭിരുചിക്കനുസരണമാണ്. അവര്‍ക്ക് സ്ഥാനഭേദങ്ങളില്ല. എല്ലാ തൊഴിലുകള്‍ക്കും അതിന്റേതായ മാന്യതയുണ്ട്. അത് കാലം തെളിയിച്ചുകൊണ്ടിരിക്കും. പിന്നെ ഒരാളുടെ ജീവിത രീതി അല്ലെങ്കില്‍ ജീവിതാസ്വാദനാഭിരുചി, അതിനെ എന്തിന് തൊഴിലുമായി ബന്ധപ്പെടുത്തണം? എല്ലാ തൊഴിലിലും ഏര്‍പ്പെട്ടവരിലുമില്ലേ വിവിധ അഭിരുചി ചര്യയാക്കിയവര്‍. യാഥാസ്ഥിതികനായ അങ്ങ് പിടിവാശിയില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നതിനെപ്പറ്റി കുണ്ഠിതമുണ്ട്. ഒരിക്കല്‍ കൂടി ഒരു പുനര്‍ചിന്ത ഉണ്ടാകുമെന്നത് നന്നായിരിക്കുമെന്നാണ് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്.”
അപ്രതീക്ഷിതമായി മറ്റൊരു കുതിര വണ്ടി കൂടി പൂമുഖത്ത് വന്നുനിന്നു. അതില്‍നിന്ന് സുന്ദരിയായ ഒരു മദ്ധ്യവയസ്ക്ക ഇറങ്ങിവന്നു. ലുക്രേസ്യ! ഏതാണ്ട് മുപ്പത്തഞ്ചു പ്രായം. വെള്ളിക്കിരീടംവച്ച് അലങ്കരിച്ച മാതിരിയുള്ള വെള്ളിമുടി, അവ മെനഞ്ഞു മുകളില്‍ കെട്ടിവെച്ചിരിക്കുന്നു. നീണ്ടു ചുരുണ്ട അളകങ്ങള്‍ ചെവികള്‍ക്കു സമാന്തരമായി താഴേക്ക് തോളിനു മുകളില്‍ തൊട്ടു കിടന്നിരുന്നു. കുങ്കുമച്ചായത്തില്‍ മുങ്ങിയ ചെഞ്ചുണ്ടുകള്‍. അവകള്‍ വിരിഞ്ഞപ്പോള്‍ മുല്ലമൊട്ടുകള്‍ പോലെയുള്ള ദന്തനിരകളില്‍നിന്ന് സൂര്യകിരണങ്ങള്‍ പോലെ പ്രകാശം പുറപ്പെട്ടു. അവള്‍ ക്ഷമാപണത്തോടെ പറഞ്ഞു….
“ലുഡ്‌വിക്കോ, പോയ കാര്യം സംഭവിച്ചില്ല. അതുകൊണ്ട് നേരത്തെ തിരികെ പോരേണ്ടിവന്നു. കര്‍ദിനാള്‍ അബ്രോസി തിരക്കിലാണ്. റോമില്‍ സിനഡു കൂടുന്ന സമയമാണ്. അവിടെ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നു. അതിന്റെ പ്രധാന ചുമതലക്കാരന്‍ തന്നെ അദ്ദേഹമാണ്. നവോത്ഥാനം അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. സാന്‍ഡ്രോ ബോട്ടോസെല്ലി, പിന്നെ ചെറുപ്പക്കാരനായ ലിയണാര്‍ഡോ ഡാവിന്‍ചി എന്നീ നവോത്ഥാന ചിത്രമെഴുത്തു ശില്പികള്‍ യൂറോപ്പിനെ തകിടം മറിക്കുകയാണ്. ആരും ഇതുവരെ കണ്ടിരിക്കാത്ത ചിത്രങ്ങള്‍, ആരും ഇതുവരെ ദര്‍ശിക്കാത്ത ശില്‍പങ്ങള്‍ കണ്ണുചിമ്മി ഉണര്‍ന്നുകൊണ്ടിരിക്കുന്നു, ആരിലും കൗതുകമുണര്‍ത്തും വിധം! ജിയോട്ടോയും ഡൊണനറ്റെല്ലോയും ആരംഭിച്ച ചിത്ര ശില്പകലകളെ പാരമ്യത്തില്‍ എത്തിക്കുകയാണ് ബോട്ടോസിലിയും ലിയണാഡോ ഡാവിന്‍ചിയുമൊക്കെ. അവരുടെ കഴിവുകളെ സഭയും, സഭാനേതൃത്വവും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തണമെന്ന തിരക്കിട്ട ചര്‍ച്ചകള്‍ കര്‍ദിനാള്‍ അബ്രോസി ഇല്ലാതെ പോപ്പിനോ, സിനഡിനോ നടത്താനാവില്ല.”
(തുടരും)