വാഷിംഗ്ടണ്‍: റഷ്യയെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ലീഡറും യു.എസ്. ഹൗസ് സ്പീക്കറുമായ നാന്‍സി പെലോസി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു.
സെക്രട്ടറി ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ യു.എസ്. കോണ്‍ഗ്രസ് ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുമെന്നും നാന്‍സി സ്റ്റേറ്റ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്കി.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് സ്റ്റേറ്റ് സെക്രട്ടറിക്ക് ആവശ്യമായ അധികാരം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.
സൗത്ത് കരോലിനായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രാഹം, കണക്റ്റിക്കട്ടില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തല് ഈ മാസമാദ്യം ഉ്ക്രയ്ന്‍ തലസ്ഥാനം സന്ദര്‍ശിച്ചു. പ്രസിഡന്റ് സെലന്‍സ്ക്കിക്ക് യു.എസ്. പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുവരും റഷ്യ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിക്കുകയും, ബ്ലിങ്കനോട് റഷ്യയെ ഔദോഗീകമായി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഭീകരരാഷ്ട്രമായി റഷ്യയെ പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്നും, ഇവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്നും നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.
സ്ക്കൂളുകള്‍, ആശുപത്രികള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവ ആക്രമിക്കുക വഴി റഷ്യ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇതിനെ നിയന്ത്രിക്കുന്നതിന് റഷ്യക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുവാന്‍ സ്റ്റേറ്റ് സെക്രട്ടറി തയ്യാറാകണമെന്നും പെലോസി അഭ്യര്‍ത്ഥിച്ചു.