ലോക പ്രശസ്ത മന്ത്രികനും, കേരളത്തിലെ ഏറ്റവും ജനകീയനായ ഇന്ദ്രജാലക്കാരനും, മോട്ടിവേഷണൽ സ്പീക്കറും, നൂറുകണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ആശയും ആവേശവും അഭയസ്ഥാനവുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിന്റെ ഉടമയുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഫിലാഡൽഫിയ മലയാളികളുടെ അഭിമാനമായ ബഡ്ഡി ബോയ്സ് ഓണാഘോഷത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകും.
ബഡ്ഡി ബോയ്സ് അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുവാനായി ഫിലാഡൽഫിയായിൽ എത്തിച്ചേരുമെന്ന സന്ദേശം അടങ്ങിയ മുതുകാടിന്റെ വീഡിയോ ഇതിനോടകം കേരളത്തിലും അമേരിക്കയിലും ഏറ്റവുമധികം പ്രചാരം നേടിക്കഴിഞ്ഞു. ഒരു മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും കാരുണ്യപ്രവർത്തകൻ എന്ന നിലയിലും ഏറ്റവുമധികം പ്രശസ്തനും, ഏവരും ഒരുപോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുതുകാടിന്റെ സാന്നിധ്യം എന്തുകൊണ്ടും ഫിലാഡൽഫിയ മലയാളികളുടെയും ബഡ്ഡി ബോയ്സിന്റെയും അഭിമാന മുഹൂർത്തമായിരിക്കും എന്നതിൽ സംശയമില്ല.
കാരുണ്യത്തിന്റെ കരസ്പർശം നാലാൾ അറിഞ്ഞും അറിയാതെയും, വാർത്താമാധ്യമങ്ങളിൽ ഇടംകണ്ടെത്താതെയും ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ സൗഹൃദ കൂട്ടായ്മയായ ബഡ്ഡി ബോയ്സ് ഫിലാഡൽഫിയായുടെ നന്മയാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞു ബോധ്യപ്പെട്ടതിനാലാണ് ജീവകാരുണ്യപ്രവർത്തനങ്ങളുടെ സുൽത്താനായ മുതുകാട് ബഡ്ഡി ബോയ്സ് ഓണത്തിന് പങ്കെടുക്കുവാനുള്ള തന്റെ തീരുമാനം ബഡ്ഢി ബോയ്സിനെ അറിയിച്ചത്.
വത്യസ്ത പരിപാടികളുടെ വർണ്ണവിസ്മയങ്ങൾ തീർക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാർത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gatnry Road ,Philadelphia, PA 19115 ) നടത്തപ്പെടുന്നത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. ഈ ഓണാഘോഷ പരിപാടികളിൽനിന്നും മിച്ചം കിട്ടുന്ന മൊത്തം തുകയും തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡിഫ്രന്റ് ആർട്ട് സെന്ററിന് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.