രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങളുടെ പേരിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരികൾക്ക് മന്ത്രി പദവിയിലിരിക്കെ കത്തയച്ചെന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ് പറഞ്ഞു.
അധികാരം ഒരാളെ എത്രത്തോളം അപചയത്തിലേക്ക് നയിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തന്റെ അധികാര പരിധി ദുർവ്വിനിയോഗം ചെയ്ത് ഒരു മാധ്യമ സ്ഥാപനം പൂട്ടിക്കാൻ ഇടത് പക്ഷ മന്ത്രി സഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത കെ.റ്റി ജലീൽ അയച്ച കത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
കോവിഡ് മഹാമാരി മൂലം ഒട്ടേറെ പ്രവാസികൾ മരണത്തിന് കീഴടങ്ങുകയും ധാരാളം പേർക്ക് തൊഴിൽ നഷ്ടമായി ജീവിതോപാധി വഴിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ കൾച്ചറൽ ഫോറം ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്ത് ആളുകളെ സൗജന്യമായും മറ്റും നാട്ടിലെത്തിക്കാൻ മുൻകൈ എടുത്തപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് അത്തരം യാതൊരു നീക്കവും ഉണ്ടായില്ലെന്ന് മാത്രമല്ല പല കാരണങ്ങൾ പറഞ്ഞ് മുടക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും നേരിട്ട ഈ സാഹചര്യങ്ങൾ ഒക്കെ മുൻ നിർത്തി പ്രവാസികളുടെ ശബ്ദം പൊതു സമൂഹത്തിലെത്തിക്കാൻ യത്നിച്ച മാധ്യമത്തിനെതിരെ കെ.ടി ജലീൽ ചെയ്ത നടപടി അൽപത്തരവും അപലപനീയവുമാണെന്ന് കൾച്ചറൽ ഫൊറം സെക്രട്ടേറിയറ്റ് പറഞ്ഞു