തിരുവനന്തപുരം: ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായി പാർട്ടി മാറുമെന്ന രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികൾ. എംഎം മണി ആനി രാജയെ വിമർശിച്ചപ്പോഴും തിരുത്തൽ ശക്തിയാകാൻ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു.
ആനിരാജയെ പ്രതിരോധിക്കാൻ തയാറാകാത്ത കാനം രാജേന്ദ്രന്റെ നടപടി ശരിയായില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പോലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സി.പി.ഐ.ക്ക് കഴിയുന്നില്ല. കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ മൗനത്തിലാണ്. 42 വാഹനങ്ങളുടെയും കണക്കില്‍ കവിഞ്ഞ അംഗരക്ഷകരുടേയും അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നും പ്രതിനിധികൾ വിമർശിച്ചു.
ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ സിപിഎം ഹൈജാക്ക് ചെയ്യുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, എം.എം മണി എംഎല്‍എ എന്നിവര്‍ രാഷ്ട്രീയ അന്ധത ബാധിച്ച സിപിഎം നേതാക്കളാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. നെടുമങ്ങാട് നടക്കുന്ന ജില്ല സമ്മേളനം ഞായറാഴ്‌ച സമാപിക്കും.