കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവണ്മെന്റ് യു.പി സ് കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഒരു ക്ലാസ് മുറിയുടെ ഇടയില്‍ ഒരു ബഞ്ചിട്ട് രണ്ട് ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു. ഒരു ക്ലാസിലാകട്ടേ എൺപതോളം കുട്ടികൾ പഠിക്കുന്നു.
രണ്ട് ക്ലാസുകൾക്ക് ഒരു ബോർഡാണ് ഉള്ളത്. ഇത് വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 750 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.
എന്നാൽ, സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളോ ടോയ്‌ലറ്റുകളോ ഗ്രൗണ്ടുകളോ ഇല്ല. കൂടാതെ, അസംബ്ലി ചേരാൻ സ്ഥലമില്ലാത്തതിനാൽ അത് പേരിന് മാത്രമായി ചുരുങ്ങി. സ്‌കൂളിന് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ പഴയ മോർച്ചറി പോലും ക്ലാസ് മുറികളാക്കി മാറ്റിയിരിക്കുകയാണ്.
കൂടാതെ സ്‌കൂളിലെ ലാബും സ്റ്റാഫ് റൂമും സ്റ്റേജുമടക്കം ക്ലാസ് മുറികളാക്കി മാറ്റി. വർഷങ്ങൾക്ക് മുൻപ് കുട്ടികൾ കുറവുള്ള സമയത്ത് സ്‌കൂളിന്‍റെ ആറുമുറി കെട്ടിടം എസ്.എസ്. എക്ക് താത്കാലികമായി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യപ്പെട്ടിട്ടും കെട്ടിടം സ്‌കൂളിന് കൈമാറിയില്ലെന്നും അത് കിട്ടിയാൽ ആശ്വാസമാകുമെന്നും സ്‌കൂള്‍ അധികൃതർ പറയുന്നു.
സ്‌കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് അദ്ധ്യാപകരുടെയും പിടിഎയുടെയും പരാതി.