തിരുവനന്തപുരം: 1000 രൂപ വരെയുള്ള ബില്ലുകൾ കൗണ്ടറിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന കെഎസ്ഇബിയുടെ ഉത്തരവാണ് മന്ത്രി തിരുത്തിയത്.
ഇതു സംബന്ധിച്ച് ചീഫ് എൻജിനീയർ (ഡിസ്ട്രിബ്യൂഷൻ) എല്ലാ സെക്ഷനുകളിലും പുതിയ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ 50 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ഡിജിറ്റൽ മാർഗങ്ങളിലൂടെ ബില്ലുകൾ അടയ്ക്കുന്നതെന്ന് ഊർജ സെക്രട്ടറി നിരീക്ഷിച്ചു. ഇത് കൂട്ടാനായിരുന്നു ബോർഡിന്റെ തീരുമാനം.
കൗണ്ടറിലെത്തുന്ന ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് രീതികളെ പറ്റി ബോധവത്കരണം നൽകാനും സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മൂന്ന് ബില്ലിങ് സർക്കിൾ വരെ പണമായി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു.
ഓൺലൈൻ പണമിടപാട് സംവിധാനത്തിലേക്ക് മാറുന്നതിന് ജനങ്ങൾക്ക് ആറ് മാസത്തെ സാവകാശം ലഭിക്കുമെന്നായിരുന്നു കെഎസ്ഇബിയുടെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് പരിഷ്കരിച്ച് ആയിരം രൂപ വരെയുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി.