ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹംഗർ ഹണ്ട് ഇന്റർനാഷനൽ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി ഷിക്കാഗോയിൽ വച്ച് ഉദ്ഘാടനം ചെയ്തു. റവ.ഫാ.ഡേവിസ് ചിറമ്മേലിന്റെ പുതിയ സംരംഭമായ വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുവാനായി ലോകോത്തര നിലവാരത്തിൽ രൂപീകരിച്ച ഒരു സംരംഭമാണ് ഹംഗർ ഹണ്ട് ഇന്റര്‍നാഷണല്‍.
ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ജനറാളും സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാം. തോമസ് മുളവനാൽ, സ്കോക്കി വില്ലേജ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ അനിൽ പിള്ള , ജോൺസൺ കണ്ണൂക്കാടൻ, സജി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പില്‍, റോസ് വടകര, ഷൈനി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ഷൈനി ഹരിദാസ് ഏവർക്കും കൃതജ്ഞതയർപ്പിച്ചു.
ഹംഗർ ഹണ്ട് ഇന്റർനാഷനലിന്റെ ആദ്യ സംഭാവന ഷിക്കാഗോ മലയാളി അസോസിയേഷൻ ഫാ.ഡേവിസ് ചിറമ്മേലിന് കൈമാറി. അച്ചന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഹംഗർ ഹണ്ട് ഇന്റർനാഷനലിന്റെ ഒരു പോർട്ടൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്സൈറ്റില്‍ ഉണ്ടാക്കുന്നതാണെന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.
മനുഷ്യസ്നേഹത്തിന്റെ പുതിയ വെള്ളിക്കതിരുകൾ ലോകമെമ്പാടും പ്രശോഭിതമാക്കുവാൻ രൂപീകരിച്ച ചിറമ്മേലച്ചന്റെ പുതിയ പ്രസ്ഥാനം നിലവിളക്ക് തെളിയിച്ചുകൊണ്ട് ബിഷപ്പ് ജോയി ആലപ്പാട്ട് ലോകത്തിനു സമർപ്പിച്ചു. സ്വന്തം കിഡ്നി ജീവിതത്തിൽ മുൻപരിചയം പോലുമില്ലാത്ത ഒരാൾക്ക് ദാനം ചെയ്ത് ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളിൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്ഥാനമാണ് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ. ഇന്ന് ആയിരങ്ങൾ അച്ചന്റെ കാല്പാടുകൾ പിന്തുടരുകയും കിഡ്നി ദാനം മാനുഷികവും അപകടരഹിതമെന്നും പറയാവുന്ന സൽപ്രവൃത്തിയാണെന്ന് തെളിയിക്കുകയുമാണ്.
കേരളത്തിലുള്ള എല്ലാ പട്ടണങ്ങളിലും ഏതാനും ഹോട്ടലുകൾ തിരഞ്ഞെടുത്തുകൊണ്ട് ഓരോ ബോർഡ് സ്ഥാപിച്ച ശേഷം അവിടെ നിന്നും വിശക്കുന്ന 10 പേർക്കെങ്കിലും ഓരോ ദിവസവും ബിരിയാണി കൊടുക്കുവാൻ ഏർപ്പാടു ചെയ്യുകയാണ്. അതിന്റെ ചിലവിനുള്ള ഒരു ഡോളർ – ഒരു ബിരിയാണി എന്ന നിരക്കിൽ സംഭാവന നൽകാനുള്ള സ്പോൺസർമാരെ കണ്ടെത്തി പണം എല്ലാ ഹോട്ടലുകൾക്കും നൽകും. നിലവിൽ റോട്ടറി ക്ലബുകൾ പോലുള്ളവർ വഴി പണം സമാഹരിച്ച് ജയിൽ പുള്ളികളെക്കൊണ്ട് ഭക്ഷണം പാകം ചെയ്യിക്കാനുള്ള സംരംഭം വൻ വിജയമായിരുന്നു എന്നും അതെ മാതൃകയിൽ ഷിക്കാഗോയുടെ ഹൃദയഭൂമിയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം ലോകത്തിന്റെ വിശപ്പടക്കാനുള്ള ഒരു വൻമരമായി വളർന്നു പന്തലിക്കുമെന്നും കിഡ്നി അച്ചനെന്ന ഓമനപ്പേരിലറിയപ്പെടുന്ന ചിറമ്മേൽ അച്ചൻ പ്രത്യാശ പ്രകടിപ്പിച്ചു.