തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിപക്ഷവും മാധ്യമ പ്രവർത്തകരും നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ശ്രീറാം വെങ്കട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ ഇടതുപക്ഷത്തുനിന്നും പ്രതിഷേധമുയർന്നിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ വിമർശനവുമായി എൽഡിഎഫിന്റെ ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി സലിം മടവൂർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചത്. കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാൻ പോലും തന്റെ അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനാജനകമാണെന്നും കുറിപ്പിൽ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന് നൽകാൻ കഴിയുന്ന മറ്റ് നിരവധി കസേരകൾ കേരളത്തിൽ ഉണ്ടെന്നും സലിം മടവൂർ കൂട്ടിച്ചേർത്തു.
ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനമെന്നും, സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും സംഭവത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല പറഞ്ഞു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂറും വ്യക്തമാക്കി. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.
ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ നിരവധി ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇതിനകം കളക്ടർ പദവി നൽകിയെന്നാണ് സർക്കാരിന്റെ വിശദീകരണം. നേരത്തെ വകുപ്പുതല അന്വേഷണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചതിനെ തുടർന്നാണ് ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിച്ചത്.