ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും മുർമുവും സത്യപ്രതിജ്ഞ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആചാരപരമായ ഘോഷയാത്രയിൽ പാർലമെന്റിലെത്തി.

രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത്. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രസിഡന്റാകും മുർമുവെന്നതാണ് മറ്റൊരു സവിശേഷത. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന പ്രത്യേകതയും ദ്രൗപതി മുർമുവിനുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടുന്നതിന് മുമ്പ്, മുർമു രാഷ്ട്രപതി ഭവനിലും അവരുടെ ഓഫീസിലും എത്തി, അവിടെ കോവിന്ദും ഭാര്യ സവിതയും അവരെ സ്വാഗതം ചെയ്തു.

രാവിലെ രാജ്ഘട്ടിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് മുർമു ആദരാഞ്ജലികൾ അർപ്പിച്ചു.

രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് ലിമോസിനിൽ പാർലമെന്റിലേക്ക് ദ്രൗപതി മുർമു എത്തിയത്. ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിച്ചു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുർമു പറഞ്ഞു.

രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, മന്ത്രിമാരുടെ കൗൺസിൽ അംഗങ്ങൾ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, എംപിമാർ, സർക്കാരിലെ പ്രിൻസിപ്പൽ സിവിൽ, മിലിട്ടറി ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

1958 ജൂൺ 20ന് സാന്താൽ കുടുംബത്തിലാണ് ജനനം. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂർബഞ്ച്. രാഷ്​ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. 1997ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.

 

Print Friendly, PDF & Email

Leave a Comment

More News