ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റും ഗവർണർ സ്ഥാനവും വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു. പണം കൈമാറുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര അന്വേഷണ ഏജൻസി സംഘത്തെ പിടികൂടി. അഞ്ച് പേര്‍ അടങ്ങുന്ന സംഘത്തിലെ നിന്നും നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി സിബിഐ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരുടെ ഫോൺ കോളുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി കമലാകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിത്തൽ നായിക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് ഇജാസ് ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും സിബിഐ അറിയിച്ചു.
നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിബിഐ നിരീക്ഷിച്ച് വരികയായിരുന്നു. സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നാണ് തട്ടിപ്പുകാരിലൊരാളായ ബാന്ദ്ഗര്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
രാജ്യസഭാ സീറ്റ്, ഗവര്‍ണര്‍ പദവി, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ എന്നിവ സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞ് ആളുകളില്‍നിന്നു പണം വാങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. വാഗ്ദാനവുമായി ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സമീപിച്ചതായും സിബിഐക്കു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
നിശ്ചയിച്ചുറപ്പിച്ച തുക കൈമാറുന്നതിനു തൊട്ടുമുന്‍പാണ് തട്ടിപ്പുസംഘത്തെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 100 കോടി രൂപയായിരുന്നു രാജ്യസഭാ സീറ്റിനും ഗവര്‍ണര്‍ പദവിക്കും സംഘം ചോദിച്ചിരുന്നത്.