ലുഡ്‌വിക്കോയും ഭാര്യ ലുക്രേസ്യയും തമ്മിലുള്ള സംഭാഷണം കേട്ടിരുന്ന ഗിലാന്‍ഡാ ലുക്രേസ്യയെത്തന്നെ നോക്കിയിരുന്നു. മധ്യ പ്രായം എത്തിയിട്ടും മാദകമായ സൗന്ദര്യം! ഇതുപോലൊരു സുന്ദരിയെ, ഒരു പ്രഭുവിന്റെ ഭാര്യയെ, പ്രഭുവിനു വരച്ചു കൊടുത്തത് ഈയിടെയാണ്. തന്നെ ഉറ്റുനോക്കുന്ന ഗിലാന്‍ഡായെ ചുണ്ടി ലുക്രേസ്യ ചോദിച്ചു…
“ഇതാരാണ് ലുഡ്‌വിക്കോ, നമ്മുടെ അതിഥിയായി ഇവിടെ എത്തിയിട്ടുള്ള മാന്യന്‍?”
“കേട്ടിട്ടില്ലേ, പ്രശസ്തനായ ചിത്രകാരന്‍ ഡൊമിനിക്കോ ഗിലാന്‍ഡാ”
തുടര്‍ന്ന് ലുഡ്‌വിക്കോ ലുക്രേസ്യായെ പരിചയപ്പെടുത്തി..
“ഇതെന്റെ ഭാര്യ ലുക്രേസ്യാ!”
ഓ! ലുക്രേസ്യയുടെ നീലക്കണ്ണുകള്‍ വിടര്‍ന്നു. കുങ്കുമച്ഛായം പുരട്ടിയ ചെഞ്ചുണ്ടുകള്‍ വിരിഞ്ഞു മന്ദഹസിച്ചു.
“പ്രശസ്തനും മാന്യനുമായ അതിഥി, അങ്ങേക്കു സ്വാഗതം! ഞങ്ങളെ സന്ദര്‍ശിക്കാന്‍ അങ്ങ് ഇവിടെ എത്തിയതില്‍ ഞങ്ങള്‍ അനുഗൃഹീതരാണ്.”
സംസാരപ്രിയയായ ലുക്രേസ്യ തുടര്‍ന്നു…
“ഒരുപക്ഷേ, ഞങ്ങള്‍ക്കിടയിലെ സംസാരത്തിന്റെ പ്രസക്തി അങ്ങേക്ക് മനസ്സിലായിരിക്കുകയില്ല. കര്‍ദിനാള്‍ അബ്രോസി, അതായത് ഇപ്പോഴത്തെ പോപ്പിന്റെ പ്രതിനിധി എന്റെ അര്‍ദ്ധ സഹോദരനാണ്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഞാന്‍ ഫ്ളോറന്‍സിലെ ഭരണാധികാരിയായ മെഡിസി പ്രഭുവിന്റെ കൊട്ടാരത്തിലേക്ക് പോയത്. അവിടെ അദ്ദേഹമെത്തുമെന്നും നാലഞ്ചു ദിവസം പ്രഭുവിനോടൊപ്പം വസിക്കുമെന്നും അപ്പോള്‍ ഞാനവിടെ എത്തി ഞങ്ങളുടെ കുടുംബത്തിന്റെ ആദരവ് പ്രകടിപ്പിക്കാന്‍ നാലഞ്ചുദിനം താമസിച്ച് വിരുന്നിലും ചര്‍ച്ചകളിലും പങ്കെടുക്കാമെന്നും കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച് പുറപ്പെട്ടതാണ്. അവിടെ എത്തിയപ്പോഴല്ലേ സംഗതികള്‍ മനസ്സിലായത്. റോമില്‍ തിരക്കിട്ട ചര്‍ച്ചകള്‍! താങ്കള്‍ ഉള്‍പ്പെടെ ഇപ്പോഴത്തെ പ്രശസ്തരായ ചിത്രകാരന്മാരെ, ശില്പികളെ സഭയ്ക്ക് എപ്രകാരം പ്രയോജനപ്പെടുത്താമെന്നതാണ് ചര്‍ച്ചാ വിഷയം. അതിന്റെ മുഖ്യസുത്രധാരന്‍ കര്‍ദിനാള്‍ അംബ്രോസിതന്നെ! അപ്പോള്‍ അദ്ദേഹത്തിന് മെഡിസി പ്രഭുവിന്റെ കൊട്ടാരത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് ദുതന്‍ മുഖാന്തിരം അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ വെക്കം മടങ്ങിയെത്തിയത്.”
“ആകട്ടെ, സെഞ്ഞ്ചോര്‍ ഗിലാന്‍ഡാ, ഞങ്ങളെ കാണാനെത്തിയത് എന്തെ ങ്കിലും…”
ലുക്രേസ്യ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് ഗിലാന്‍ഡാ തുടര്‍ന്നു…
“അതേ, അതെ. പക്ഷേ, അതിനി പറഞ്ഞിട്ട് കാര്യമില്ലെന്നുതന്നെ തോന്നുന്നു.”
“അതെന്തേ! ഞാനും കൂടി കേള്‍ക്കട്ടെ. താങ്കളെപ്പോലെ പ്രശസ്തനായ ഒരു ചിത്രകാരന്‍ എന്തെങ്കിലും അര്‍ത്ഥമില്ലായ്ക പറയുകയില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അല്ലേ ലുഡ്‌വിക്ക്?”
ലുഡ്‌വിക്കിന്റെ മനസ്സിലൊരമ്പരപ്പു പടര്‍ന്നു. ലുക്രേസ്യായുടെ മനസ്സിലിരിപ്പ് എന്താകാം! വെറുതെ ഒരു ഇണക്കത്തിന്, ലുക്രേസ്യാ മൈക്കിളിന്റെ കാര്യത്തില്‍ രമ്യപ്പെടുകയില്ല എന്ന് ഗാലാന്‍ഡയെ ധരിപ്പിച്ചതാണ്. സ്വന്തം ഇഷ്ടക്കേടുകൊണ്ട് എന്നാല്‍ ഒരിക്കല്‍ ലുക്രേസ്യാതന്നെ മൈക്കിളിന്റെ കാര്യത്തില്‍ മുമ്പ് താലപര്യപ്പെട്ടത് അവനെ കര്‍ദിനാള്‍ ആക്കാനായിരുന്നില്ലേ എന്നോര്‍ത്ത് ലുഡ്വിക്ക് സമാധാനിച്ചു.
ഗിലാന്‍ഡാ പറഞ്ഞു….
“ഞാന്‍ വന്നത് മൈക്കെലാഞ്ജലോയെ എന്റെ സ്‌കൂളില്‍ വിട്ട് ചിത്രമെഴുത്ത് പഠിപ്പിക്കണമെന്ന് പറയാനായിട്ടാണ്. അവന് ചിത്രമെഴുത്തില്‍ ഒരു ഭാവിയുണ്ടെന്ന് ഞാന്‍ നേരില്‍ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. എന്നാലിപ്പോള്‍ ലുക്രേസ്യാ ഇതുമായി രമ്യപ്പെപ്പെടുകയില്ലെന്നു കേട്ടു.”
ലുക്രേസ്യാ പൊട്ടിച്ചിരിച്ചു
“ഹെയ്! അങ്ങനെയൊന്നുമില്ല. മുമ്പ് എനിക്ക് ചിത്രരചനയെപ്പറ്റി അത്ര അഭിപ്രായമുണ്ടായിരുന്നില്ല. ഇന്നിപ്പോ കാലം മാറിയില്ലേ! പ്രശസ്തി, ധനം, മറ്റേത് ഉന്നത പദവിക്കുമൊപ്പം. വാസ്തവത്തില്‍ അങ്ങു വരച്ച കുറേ ചിത്രങ്ങള്‍ ഞാന്‍ പലയിടങ്ങളിലും കണ്ടു. എത്ര മനോഹരം. ഞാനും അങ്ങയുടെ ആരാധിക തന്നെ. എന്റെ ഒരു ചാര്‍ച്ചക്കാരി പ്രഭ്വുനിയുടെ ചിത്രം അങ്ങാണ് വരച്ചത്. അവളെ ഒപ്പി വെച്ചിരിക്കുന്നു. വശ്യമായ അവളുടെ പുഞ്ചിരി പോലും. അതു കണ്ടപ്പോള്‍ എനിക്കും ഒരു മോഹം തോന്നി. എന്റെ സ്വന്തക്കാരാരെങ്കിലും ഇത്തരമൊരു പ്രശസ്തിയിലേക്കെത്തണമെന്ന്.”
ലുഡ്വിക്കിന് ഒരു ഉള്‍ക്കിടിലമുണ്ടായി.
അദ്ദേഹമോര്‍ത്തു: പെണ്ണുങ്ങള്‍ എത്ര വേഗമാണ് മനസ്സു മാറുന്നത്! എങ്കിലും ഈ മാറ്റം ദയനീയമാണ്. ഒരിക്കലും ലുക്രേസ്യയില്‍നിന്ന് ഇത്തരമൊരു മാറ്റം പ്രതീക്ഷിച്ചിരുന്നതല്ല.
ഗിലാന്‍ഡാ ഉദ്വേഗത്തോടെ ചോദിച്ചു…..
“അപ്പോള്‍ മൈക്കെലാഞ്ജലോയെ എന്റെ സ്‌കുളിലയച്ച് ചിത്രരചന അഭ്യസിപ്പിക്കാന്‍ താല്പര്യം ഉണ്ടെന്നുതന്നെ!”
“അതേ, അതേ. സെഞ്ഞ്വേര്‍ ഗിലാനോ, അല്ലേ ലുഡ്വിക്ക്!”
ലുക്രേസ്യയുടെ പ്രസ്താവനയും ചോദ്യവും ജഡ്ജി, ലുഡ്വിക്ക് ബുവോണറററ്റിയുടെ അധരങ്ങളെ അടുപ്പിച്ചു. ഇനി അതിനുമേല്‍ ഒരു വിചാരണ ഇല്ല. ലുക്രേസ്യാ പറയുംപോലേ കാര്യങ്ങള്‍ നടക്കു. അതിനതീവ സമര്‍ത്ഥയാണ് ലുക്രേഷ്യ. അല്ലെങ്കില്‍ത്തന്നെ ആ പ്രഭ്വിയുടെ മുമ്പില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ അനുസരണമുള്ളവനായിരുന്നു, കാപ്രസിയിലെ മേയറും, ജഡ്ജിയുമായ ലുഡ്വിക്ക്.
രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന ചൊല്ലുപോലെ മൈക്കെലാഞ്ജലോയുടെ ഇംഗിതം ഫലപ്രദമായി. ഗ്രാമര്‍ സ്കുളിനുശേഷം ഡൊമിനിക്കോ ഗിലാന്‍ഡായുടെ ശിഷ്യനായി ചിത്രരചനാ സ്കൂളില്‍ ചേര്‍ന്നു. വളരെ കൌതുകത്തോടെ, താല്പര്യത്തോടെ മൈക്കിള്‍ പഠനം ആരംഭിച്ചു. ആദ്യം പഠിക്കേണ്ടത് നിറങ്ങളെപ്പറ്റിയാണ്, അവ ഉണ്ടാക്കുന്ന വിധം, അതിനുവേണ്ട രാസവസ്തുക്കള്‍, അതെവിടെ ലഭ്യമാകുന്നു, ഏതെല്ലാം നിറങ്ങള്‍, ചായങ്ങളുടെ കൂട്ടുമിശ്രിതങ്ങള്‍, അവയുടെ നിറപരിവര്‍ത്തനങ്ങള്‍ ഇവയൊക്കെ ലോകം വിശാലമായ ഒരു കാന്‍വാസാണെന്നും നിറങ്ങളും രൂപങ്ങളും ഇഴുകിച്ചേര്‍ന്നതാണ് പ്രകൃതിയെന്നും പ്രകൃതിയെ ചെറിയ കാന്‍വാസുകളിലേക്ക് ആവാഹിക്കുകയും ചെയ്യുകയാണ് ചിത്രകലയെന്ന ദാര്‍ശനിക ചിന്തയാണ് വിഖ്യാത ചിത്രകാരനായ ഗിലാന്‍ഡായില്‍ നിന്ന് മൈക്കെലാഞ്ജലോ
ബ്രൗണറോറ്റി ശ്രവിച്ചു തുടങ്ങിയത്. ഭാവനയുടെ മഹാസമുദ്രത്തില്‍ ചായങ്ങള്‍ സമ്മിശ്രമായി ലയിച്ച് പുതിയ രൂപഭേദഭാവ ങ്ങള്‍ മൈക്കിളിന്റെ മനസ്സില്‍ രൂപംകൊണ്ടു.
ഗിലാന്‍ഡായുടെ പ്രഭാഷണങ്ങളിലൂടെ മൈക്കെലാഞ്ജലോ യഥാര്‍ത്ഥ ചായങ്ങളെ തിരിച്ചറിഞ്ഞു. വര്‍ണ്ണങ്ങളുടെ പ്രഭാപുരം. അതു യോജിക്കേണ്ടിടത്തു സമ്മേളിക്കുമ്പോള്‍ ജീവനുള്ള ചിത്രങ്ങള്‍ ഭൂമിയിലേക്കു പിറന്നു വീഴുന്നു. ചായത്തിന്റെ തിളക്കമാണല്ലോ ചിത്രങ്ങളുടെ ചാരുത. ചിത്രരചന ശിലാ യുഗം മുതലാരംഭിച്ചതാണല്ലോ. പ്രാകൃത ചായങ്ങളില്‍ നിന്നാദ്യം. പിന്നീട് പട്ടു വ്യവസായത്തിന് നിറം കൊടുക്കാന്‍ വിവിധ പ്രകൃത മാര്‍ഗ്ഗങ്ങളില്‍ നിര്‍മ്മിച്ച “ഡൈ”, നിറങ്ങളുടെ ലോകത്തിനു ദൃശ്യഭംഗിയേകി. അതു വികസിച്ച് ചിത്ര രചനയ്ക്കുള്ള ചായങ്ങള്‍ വെനീസിലെ കമ്പോളങ്ങളില്‍ കപ്പല്‍ മാര്‍ഗ്ഗം വന്നെത്തുന്നു, ലോകത്തിന്റെ നാനാഭാഗത്തുനിന്നും. യൂറോപ്പില്‍നിന്നും ഏഷ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും മണലും പല നിറമുള്ള കല്ലുകളും ചുണ്ണാമ്പും മെര്‍ക്കുറിയും സള്‍ഫറും ഈയവും തകരവും കല്‍ക്കരിയും സസ്യങ്ങളും ഇലകളും ഷഡ്പദങ്ങളും വൃക്ഷക്കറകളും എല്ലാമെല്ലാം ചേര്‍ത്ത് സംസ്‌ക്കരിച്ച് ഉണക്കിപ്പൊടിച്ച ചായത്തരികളും പൊടികളും എണ്ണ യില്‍ ചാലിച്ചുള്ള ചായനിര്‍മ്മിതി. അവ തകരപ്പാട്ടകളില്‍ ലായനിയായി എത്തുന്നു. ചിത്രകാരന്റെ ജോലിതന്നെ നിറങ്ങളെ സംയോജിപ്പിക്കല്‍!
മൈക്കിളിന്റെ ഭാവനകള്‍ ചിറകുവിരിച്ചു പറന്നു. കാന്‍വാസുകളില്‍ ചായങ്ങള്‍ സമ്മേളിച്ചു. അവ സുന്ദരികളും സുന്ദരന്മാരും മാലാഖമാരുമൊക്കെയായി പുനര്‍ജ്ജനിച്ചു. സതീര്‍ത്ഥ്യനായ ഗ്രനാസി, ഗുരുവായ ഗിലാന്‍ഡ എന്നിവരെ വിസ്മയഭരിതരാക്കി. സമ്പൂര്‍ണ്ണത. അതായിരുന്നു മൈക്കിളിന്റെ ചിത്ര രചനകളുടെ സവിശേഷത. നഗ്നചിത്രങ്ങള്‍ സമ്പൂര്‍ണ്ണത നല്‍കുമെന്ന പ്രത്യയശാസ്ത്രം ചിത്ര രചനയില്‍ പുതുവിപ്ലവം സൃഷ്ടിക്കുകയായിരുന്നു മൈക്കെലാഞ്ജലോ ചിത്രരചനയിലൂടെ. ആദ്യമൊക്കെ നെറ്റിചുളിച്ച ചിത്രകാരന്മാരെ നഗ്നചിത്രങ്ങളുടെ ചാരുത സാവധാനം ആകര്‍ഷിച്ചു.
പതിനാറു വയസ്സു കഴിഞ്ഞതോടെ യൗവനാരംഭം മൈക്കിളില്‍ വ്യതിയാനങ്ങള്‍ വരുത്തി. സ്വയം ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു പ്രായത്തില്‍ മൈക്കിള്‍ ചിന്തിച്ചുതുടങ്ങി. എന്റെ സ്വന്തം തട്ടകം എവിടെയാണ്? ചിത്രരചനയില്‍ പ്രാവീണ്യം നേടിയിരിക്കുന്നു. ഏറെക്കുറെ ക്യാന്‍വാസിലും ചുമരിലും വ്യത്യസ്ഥ നിറങ്ങളിലും ഭാവങ്ങളിലും ചിത്രരചന നടത്താന്‍ അറിവ് നേടിയിരിക്കുന്നു. എന്നാലിതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നില്ല. ഒരു ചിത്രകാരന് എവിടെ വരെ വളരാനാകും! പല ചിത്രകാരന്മാരും ഉന്നതശ്രേണിയിലേക്ക് കുതിക്കുന്നു. ശില്പകലകളിലൂടെ വരകളെ വിസ്മയിപ്പിച്ചുകൊണ്ട് ശില്പങ്ങള്‍ മാര്‍ബിളിലും തടിയിലും ചെമ്പിലും ഓടിലും ജനിക്കുന്നു. ചിത്രങ്ങളിലെ രൂപഭേദഭാവങ്ങളിലുള്ള അവ്യക്തതയെ പൂര്‍ണ്ണമാക്കുന്ന ശില്പങ്ങള്‍ ഇല്ല! അവകള്‍ക്ക് ജീവനുണ്ട്. പറക്കാന്‍ ചിറകുകള്‍ വിടര്‍ത്തി നില്‍ക്കുന്ന മാലാഖമാരും തീരാ വേദനകളില്‍ പുളയുന്ന രക്തസാക്ഷികളും ആകാശത്തിലേക്ക് അഗ്നിത്തേരില്‍ പറന്നുയരുന്ന വിശുദ്ധനായ പ്രവാചകന്‍ ഏലിയാ തുടങ്ങിയവരുടെ പ്രതിമകള്‍, പകരം വെക്കാനില്ലാത്ത ശില്പകലയിലൂടെ അവ പൂര്‍ണ്ണത കൈവരിക്കുന്നു. ഒരു ശില്പിയുടെ കരവിരുതിലുള്ള അത്ഭുത മായാജലംകൊണ്ട് ഒരു ചിത്രത്തിനും ആ പൂര്‍ണ്ണത കൈവരിക്കാനാകുമോ?
അങ്ങനെയിരക്കവേ ഒരു നിമിത്തം പോലെ മൈക്കെലാഞ്ജലോ, ബെര്‍റ്റോള്‍ഡോ ഡി ജിയോവാനി എന്ന പ്രസിദ്ധനായ ശില്പിയെ കണ്ടുമുട്ടി. ജിയോവാനി ഫ്ലോറന്‍സിലെ ഭരണാധികാരി മെഡിസി പ്രഭു, ലോറന്‍സോയുടെ കൊട്ടാര ശില്പി ആയിരുന്നു. ആ കണ്ടുമുട്ടല്‍ മൈക്കിളിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. മെഡിസി കൊട്ടാരത്തില്‍ വല്ലപ്പോഴുമൊക്കെ ഗിലാന്‍ഡായുടെ സ്കുളിലെ മികച്ച വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം നടത്തിയിരുന്നു. മികച്ച ചിധ്രകലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനെന്നോണം അക്കൂട്ടത്തില്‍ മൈക്കെലാഞ്ജലോയും അപ്രാവശ്യം അവന്റെ കുറേ ചിത്ര ളുമായി തെരഞ്ഞെടുക്കപ്പെട്ടു. മൈക്കെലാഞ്ജലോയുടെ “മെഡോണയും, കുഞ്ഞും”, മഹാശില്പിയായ ജിയോവാനിക്ക് നന്നേ ഇഷ്ടപ്പെട്ടു. ബെര്‍റ്റോള്‍ഡോ ഡി ജിയോവാനി ആ ചിത്രം ചൂണ്ടി ഉറക്കെ ചോദിച്ചു…
“ആരാണ് ഈ വര്‍ണ്ണ ചിത്രം വരച്ചത്? അവന്‍ എന്റെ മുമ്പിലേക്കു വരിക!”
മൈക്കെലാഞ്ജലോ ജിയോവാനിക്കു മുമ്പിലേക്കു എത്തി പറഞ്ഞു…
” മഹാശില്പിയായ ഗുരോ, ഞാനാണ് ഈ ചിത്രം വരച്ചത്”
ജിയോവാനി അവനെ ചേര്‍ത്തുപിടിച്ച് മന്ദസ്മിതം തുകി മൊഴിഞ്ഞു….
“നീ ഇനി മേലില്‍ ഒരു ചിത്രമെഴുത്തുകാരനായിരിക്കില്ല, ഒരു ശില്പിയായിരിക്കും. ഞാന്‍ നിന്നെ ശില്പകല പഠിപ്പിക്കാം. ഇത്ര മിഴിവുള്ള ചിത്രം വരയ്ക്കാന്‍ കഴിവുള്ള നിനക്ക് ജീവനുള്ള ശില്പങ്ങള്‍ കൊത്താന്‍ കഴിയുമെന്നനിക്കുറപ്പുണ്ട്. ഇതുവരെ കാണാത്ത ഭാവഭേദങ്ങള്‍ നിന്റെ ചിത്രത്തില്‍ നിന്ന് ദൃശൃമാകുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അതും ഈ പ്രായ ത്തില്‍!”
(തുടരും…)