മൈക്കെലാഞ്ജലോ, മെഡിസി കൊട്ടാരശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ കീഴില്‍ ശില്പപഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കവേയാണ് ആ ഡൊമിനിക്കല്‍ സന്യാസിയെപ്പറ്റി കേട്ടുതുടങ്ങിയത്. കൊടും യാഥാസ്ഥിതികന്‍! തന്നെപ്പോലെ, ലോറന്‍സോ മാഗ്നിഫിസന്റ് പ്രഭുവിന്റെ ഓദാര്യത്തില്‍ വളര്‍ന്ന് ഖ്യാതി നേടിയ സന്യാസ പുരോഹിതന്‍. സന്യാസ വതമെടുത്തതിന്റെ അടയാളമായി തലയുടെ മുകള്‍ഭാഗം വൃത്താകാരമായി വടിച്ച് കാഷായ കുപ്പായമണിഞ്ഞ് അരയില്‍ ബ്രഹ്മചര്യത്തിന്റെ അടയാളമായി തുകല്‍ ബെല്‍റ്റ് ധരിച്ച സന്യാസി പുരോഹിതന്‍!
അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി മൈക്കെലാഞ്ജലോ കേട്ടത്, ലോറന്‍സോ മാഗ്നിഫിസന്റ് പ്രഭു മരണപ്പെടുന്നതിന് തൊട്ടുമുമ്പാണ്. പ്രഭുവിന്റെ മുത്തപുത്രന്‍ പിയറോയും താനും കൂടി സായാഹ്ന കുതിരസവാരി കഴിഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങുംവഴി ഫ്ളോറന്‍സിലെ പ്രസിദ്ധമായ “പിയാസ ഡെല്ലാ സിഗ്നോറ’ മൈതാനത്ത് വലിയ ഒരു ജനക്കുട്ടത്തിന്റെ ആരവം കേട്ട് അങ്ങോട്ടേക്കു ചെന്നു. അവിടെ തടികൊണ്ട് നിര്‍മ്മിച്ച വേദിയില്‍ കാഷായ കുപ്പായമണിഞ്ഞ ഒരു സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ കൈയ്യില്‍ തകരം കൊണ്ട് നിര്‍മ്മിച്ച ഒരു ശബ്ദവാഹിനി!
പുരോഹിത സന്യാസിയുടെ തൊള്ള തുറന്ന ശബ്ദം മൈതാനത്തിന്റെ ചുറ്റുമുള്ള മാളികകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു; ഫ്ളോറന്‍സ് നഗരമേ, നശിച്ചു കൊണ്ടിരിക്കുന്ന നഗരമേ!
നവോത്ഥാനത്തിന്റെ പേരില്‍ നടത്തുന്ന സാത്താന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദൈവത്തിന്റെ ജനത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൗത്യം, ഈ പുരാതന നഗരത്തെ ദൈവത്തിന്റെ നഗരമാക്കുക എന്നതാണ്. നവോത്ഥാനം എന്ന പേരില്‍ നഗ്നചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രകാരന്മാരെ, നഗ്നചിത്രങ്ങള്‍ കൊത്തുന്ന ശില്പികളെ, നിങ്ങള്‍ക്കു ഹാ, നാശം! നിങ്ങളുടെ മേല്‍ കടുത്ത ദൈവശിക്ഷയുണ്ടാകും. എന്തിന് കൊട്ടാരങ്ങളിലെ സുഖലോലുപത പാരമ്യത്തിലെത്തിയിരിക്കുന്നു. ആഘോഷമായ വിരുന്നു സല്‍ക്കാരങ്ങള്‍. രാവേറെ ചെല്ലും വരെ പരസ്ത്രീകളെ കൈയ്യിലൊതുക്കിയുള്ള നൃത്തം, പാട്ട്, മദ്യപാനം-ഇവകള്‍ കഠിനമായ പാപമാണ്. പട്ടുവസ്ത്രങ്ങള്‍ ധരിച്ച് സ്വര്‍ണ്ണവും മുത്തും, പവിഴവും അണിഞ്ഞ് നടക്കുന്നത് പാപമാണ്. സ്ത്രീകളും പുരുഷന്മാരും പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കുന്നതു പാപമാണ്. സ്ത്രീ പുരുഷനു കീഴ്പ്പെട്ടിരിക്കുന്നു. അത് സൃഷ്ടിമുതലുള്ള പ്രമാണമാണ്. ആ പ്രമാണം കാക്കാന്‍ നാം കടപ്പെട്ടവരാണ്. അടക്കമൊതുക്കമില്ലാത്ത പ്രഭുക്കളെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും, ചേഷ്ടകളും കൊണ്ട് പ്രഭ്വികള്‍ ഈ നഗരം മലിനീകരിച്ചാല്‍ ഹാ, നിങ്ങള്‍ക്കു കഷ്ടം! നിങ്ങള്‍ ദൈവകോപത്തിനിരയാകും.
മൈക്കെലാഞ്ജലോ മെഡിസിയിലെ പിയറോ പ്രഭുകുമാരനോട് ചോദിച്ചു;
കേട്ടില്ലേ, പ്രഭോ ഈ പാതിരിയുടെ പ്രഭാഷണം?
ഇദ്ദേഹം എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നത്? തലയ്ക്കു വെളിവില്ലാത്തവിധം ചിത്രരചന പാപമാണ്, ശില്പം കൊത്തല്‍ പാപമാണ്, അത് വിഗ്രഹാരാധനയാണ്. നഗ്നത പാപമാണ്. പിന്നെ എന്താണ് പാപമല്ലാത്തത്? ദൈവം മനുഷ്യനെ നഗ്നനായാണ് ഭൂമിയിലേക്കയച്ചത്. ആ നഗ്നസത്യത്തെ വളച്ചൊടിക്കുന്ന ഈ പുരോഹിതന്‍ നവോത്ഥാനത്തിനൊരു കടുത്ത ഭീഷണിയല്ലേ? സംഗീതവും നൃത്തവും പാപം, നല്ല വസ്ത്രങ്ങള്‍ പാപം, പട്ടും സ്വര്‍ണ്ണവും വെള്ളിയും മുത്തും പവിഴവും രത്നങ്ങളും പാപം! എന്തിന് സ്ത്രീ സ്പര്‍ശനം പാപം! ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ ഹവ്വായെ സൃഷ്ടിച്ചതെന്തിനാണ്! ആദ്യം ദൈവം ആദത്തെ സൃഷ്ടിച്ചു. ആദം ഏകനും, വിഷാദാത്മകനുമായിരുന്നതുകൊണ്ടല്ലെ ഹവ്വായെ സൃഷ്ടിച്ചത്! പിന്നെ ഇത്തരം വചന പ്രഘോഷണങ്ങള്‍, ആടുകളെ ചിതറിച്ച് കളയുന്ന ഇടയന് തുല്യമല്ലേ!
പിയറോ പ്രഭുകുമാരന്‍ പറഞ്ഞു;
അതേ, ഇയാള്‍ തീര്‍ത്തും അപകടകാരിയാണ്. എന്റെ പിതാവുതന്നെയാണ് ഇയാളെ വളര്‍ത്തിയത്. ഞരങ്ങി മൂളി പ്രസംഗിച്ചുകൊണ്ടിരുന്ന ഇയാളെ വലിയ പ്രഭാഷകനാക്കിയത് എന്റെ പിതാവ്തന്നെ. വേലിതന്നെ വിളവു തിന്നുന്നു എന്ന മട്ടിലാണിപ്പോള്‍ കാര്യങ്ങള്‍. ഇക്കണക്കിനു പോയാല്‍ ഇയാള്‍ ഫ്ളോറന്‍സിലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണത്തെത്തന്നെ താറുമാറാക്കും എന്നാണ് എന്റെ പിതാവും ചിന്തിക്കുന്നത്. ഇയാളെ റോമില്‍ പോപ്പിന്റെ സന്നിധിയിലേക്ക് വിളിപ്പിച്ച് താക്കീതു നല്‍കി സ്ഥലം മാറ്റിവിടാന്‍ പിതാവ് ദൂതനെ റോമിലേക്കയച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നൊരു തീരുമാനം കണ്ടറി യേണ്ടതുണ്ട്. പോപ്പ് ഇന്നസന്റ് എട്ടാമന്‍ മരണക്കിടക്കയിലാണ്. ഇനിയും അദ്ദേഹത്തിന്റെ കാലവും കഴിഞ്ഞ് പുതിയ പോപ്പിന്റെ ആഗമനംവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ഇതത്ര നിസ്സാരമായിരിക്കില്ല.
പതിനെട്ട് വയസ്സുള്ള മൈക്കെലാഞ്ജലോ ചിന്തിച്ചു:
നവോത്ഥാനം കണ്ട് ഞെട്ടിയുണര്‍ന്ന ഫ്ളോറന്‍സ് നഗരത്തിന്റെ അന്തകനായ ഇറങ്ങിപ്പുറപ്പെട്ട ഈ സന്യാസി പുരോഹിതന്‍ മുഴുഭ്രാന്തനാണ്, അല്ലാതെ മറ്റെന്താ! ലോകം പുരോഗമനത്തിലേക്കു കുതിക്കുമ്പോള്‍ അത് തടഞ്ഞുനിര്‍ത്തി പ്രാകൃതിക ചിന്തകളിലൂടെ മനുഷ്യരെ അപരിഷ്കൃതരാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ എങ്ങനെ ഒരു പുരോഹിതനാകും? ചിത്രമെഴുത്തും ശില്പരചനയും തന്റെ തൊഴിലാണ്. അത് ആവിഷ്ക്കരിക്കണമെങ്കില്‍ നഗ്നത കൂടിയേ തീരു, ആ സൃഷ്ടികള്‍ പൂര്‍ണ്ണമാകണമെങ്കില്‍. നഗ്നത മനുഷ്യന്റെ കൂടപ്പിറപ്പല്ലേ? അങ്ങനെയല്ലേ മനുഷ്യര്‍ ജനിക്കുന്നത്? അവയെ പ്രദര്‍ശിപ്പിക്കാന്‍ ചിത്രകാരനോ ശില്പിക്കോ കഴിയുന്നില്ലെങ്കില്‍ എവിടെ പൂര്‍ണ്ണത?
ഫ്ളോറന്‍സില്‍ കൊടുങ്കാറ്റു വീശി. ആത്മീയ വിപ്പവം! പട്ടണങ്ങളില്‍, ഗ്രാമങ്ങളില്‍ അത് മുഴങ്ങി. ആര്‍നോ നദിയുടെ ഓളങ്ങളില്‍ അത് പ്രതിധ്വനിച്ചു. നവോത്ഥാനം അതിന്റെ മൂര്‍ദ്ധന്യത്തില്‍ കുതിച്ചുയരുമ്പോള്‍ പെയ്തിറങ്ങുന്ന തീ മഴപോലെ പുതിയൊരു പ്രവാചകന്‍, പുനരുദ്ധാരണമെന്ന പേരില്‍ പുരോഗമന ചിന്തകള്‍ക്ക് തടയിടുന്നു. ചന്തകളില്‍, കവലകളില്‍ കത്തീഡ്രലുകളുടെ മുമ്പില്‍ പൊതുജനം ആവേശഭരിതരായി തിങ്ങിക്കൂടി. അവര്‍ ചേരി തിരിക്കപ്പെട്ട് പരസ്പരം ചോദിച്ചു:
ആരാണ് ഈ പുതിയ പ്രവാചകന്‍!
ചിലര്‍ പറഞ്ഞു സ്നാപക യോഹന്നാനെപ്പോലെ അയയ്ക്കപ്പെട്ടവനെന്ന് മറ്റു ചിലര്‍, മനുഷ്യനെ വഴിതെറ്റിക്കുന്ന കള്ളപ്രവാചകനെന്ന് വിലയിരുത്തി. പക്ഷേ, അവന്റെ വാക്കുകള്‍ക്കു മൂര്‍ച്ചയേറി വന്നു. അവന്‍ പൊതുജനത്തിന്റെ മുമ്പില്‍ വചനങ്ങള്‍ പ്രഘോഷിച്ചു.
അബ്രഹാമിന്റെയും യാക്കോബിന്റെയും സന്തതികളെന്ന് അവകാശപ്പെടുന്ന ജനമേ! ഞാന്‍ നോഹിനെപ്പോലെ നിങ്ങളുടെ മുമ്പിലേക്കയയ്ക്കപ്പെട്ടിരിക്കുന്നു, ഈ മഹാപ്രളയത്തില്‍ ഫ്ലോറന്‍സിലെ ജനങ്ങളെ രക്ഷിക്കാന്‍! ഞാന്‍ നിങ്ങള്‍ക്കായി പെട്ടകം പണിയും. പാപക്കറകളില്‍ മുങ്ങി അത്ഭുതങ്ങള്‍ക്കുവേണ്ടി കൈനീട്ടുന്ന ജനമേ! നിങ്ങള്‍ മറന്നുപോയോ സോദോം ഗോമോറായെ യഹോവാ, ആകാശത്തു നിന്ന് ഗന്ധകവും തീയും വര്‍ഷിച്ച് ചാമ്പലാക്കിയത്?
ആരാണീ പുതിയ പ്രവാചകന്‍! ജനം അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ഫെറാറായിലെ പ്രഭു കുടുംബത്തില്‍ ജനിച്ച് ദൈവ വിളിയുണ്ടായി ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന സന്യാസി പുരോഹിതന്‍, ഗിറോലാമോ സാവോനാ റോല! നവോത്ഥാനത്തെ തളച്ച് പുനരുദ്ധാരണത്തിന് തീ കൊളുത്താന്‍ ശ്രമിക്കുന്ന വേദപണ്ഡിതനായ സന്യാസി. ബ്രഹ്മചര്യം, ദാരിദ്ര്യം അനുസരണം എന്നീ വ്രതങ്ങളെടുത്ത് ഫ്ളോറന്‍സിലെ സെന്റ് മാര്‍ക്ക് കോണ്‍വെന്റിലെ പ്രിയോറായ എത്തുമ്പോള്‍ അദ്ദേഹത്തിന് പ്രസംഗകല അത്ര വശമായിരുന്നില്ല. ഔദാര്യനിധിയായ ഫ്ളോറന്‍സിലെ ഭരണാധികാരി, മെഡിസി കൊട്ടാരത്തിലെ ലോറന്‍സോ മാഗ്നിഫിസന്റ് പ്രഭുവാണ് അദ്ദേഹത്തെ കൊട്ടാരത്തില്‍ പാര്‍പ്പിച്ച് പ്രസംഗകല അഭ്യസിപ്പിച്ചത്. നവോത്ഥാനത്തിന് കാറ്റു വിതച്ച പ്രഭു ഏറെ പ്രതീക്ഷയോടെയാണ് സാവര്‍ണോളായെ എതിരേറ്റത്. സഭയുടെ നവീ കരണം!
എന്നാല്‍ താമസിയാതെ യാഥാസ്ഥിതികനായ സാവര്‍ണോള എന്ന സന്യാസി പുരോഹിതന്റെ മുഖംമൂടി അഴിഞ്ഞുവീണു. അദ്ദേഹം മെഡിസി കൊട്ടാരത്തെ വിറപ്പിച്ചു:
കൊട്ടാരക്കെട്ടുകളുടെ നേരെ വിരല്‍ചൂണ്ടി ആ സന്യാസി പുരോഹിതന്‍ ആക്രോശിച്ചു;
പണം പലിശയ്ക്കുകൊടുത്ത് പണമുണ്ടാക്കുന്നത്, കഠിന പാപമായി സഭ നിഷ്ക്കര്‍ഷിച്ചിരിക്കെ, മെഡിസി പ്രഭുവിന് ഇത്രയധികം സമ്പത്ത് എങ്ങനെ യുണ്ടായി? അവിഹിത മാര്‍ഗ്ഗത്തിലൂടെ, ഫ്രാന്‍സിലേയും സ്പെയിനിലേയും നേപ്പിള്‍സിലെയും രാജാക്കന്മാര്‍ പരസ്പരം മല്ലടിക്കുന്നു. അവരുടെ ഖജനാവുകള്‍ കാലിയാകുമ്പോള്‍ ഇരട്ടിപ്പലിശയ്ക്ക് പണം കൊടുത്ത്, അമിതമായി, അവിഹിതമായി പണം സമ്പാദിക്കുന്നവരാണ് ഫ്ളോറന്‍സിലെ പ്രഭുക്കള്‍. അവര്‍ മോശുടെ ന്യായപ്രമാണങ്ങളെയും കാത്തോലിക്കാ സഭയുടെ ചട്ടങ്ങളെയും കാറ്റില്‍ പറത്തുന്നു.
നിനച്ചിരിക്കാതെ ലോറന്‍സോ മാഗ്നിഫിസ് പ്രഭു അകാലത്തില്‍ “ഗൗട്ട് ” രോഗത്താല്‍ കാലം ചെയ്തു, നാല്പത്തഞ്ചാംവയസ്സില്‍. പ്രഭുവിന്റെ സീമന്ത പുത്രന്‍ പിയറോ മെഡിസി ഇരുപത്തൊന്നാം വയസ്സില്‍ ഫ്ളോറന്‍സിന്റെ ഭരണം ഏറ്റെടുത്തു. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന അവിവേകിയായ പ്രഭുകുമാരന്‍! അപ്പോള്‍
മൈക്കെലാഞ്ജലോ കാലം ചെയ്ത ലോറന്‍സോ മാഗ്നിഫിസിന്റെ ഓദാര്യത്തില്‍ ശില്പപഠനം അഭ്യസിച്ച് പ്രശസ്തിയിലേ ക്കുയരുകയായിരുന്നു.
ലോറന്‍സോ മാഗ്നിഫിസിന്റെ വേര്‍പാടോടെ, സാവര്‍ണോള എന്ന സന്യാസി പുരോഹിതന്റെ ശക്തി വര്‍ദ്ധിച്ചു. അതിനു കാരണമായത് ഫ്രാന്‍സിലെ ചാള്‍സ് രാജാവിന്റെ ഇറ്റലിയില്‍, നേപ്പിള്‍സിലേക്കും ഫ്ളോറന്‍സിലേക്കുമുള്ള കുതിപ്പായിരുന്നു. ആൽപ്പ്സ് പര്‍വ്വതം മുറിച്ചെത്തിയ ഫ്രഞ്ചുപടയെ സാവര്‍ണോള സ്വാഗതം ചെയ്തു. ഒത്താശകള്‍ നല്‍കി.
സാവോനാറോളയുടെ ശബ്ദം എവിടെയും മുഴങ്ങി….
ഫ്ളോറന്‍സ് നഗരമേ, നിന്റെ മേല്‍ ദൈവകോപമുണ്ടായിരിക്കുന്നു. ഫ്ളോറന്‍സിനെ രക്ഷിക്കാന്‍ ഫ്രാന്‍സിലെ ചാള്‍സ് രാജാവിനെ ദൈവം അയച്ചിരിക്കുന്നു. ഫ്രാന്‍സിന്റെ പട ടസ്കിനി മലയടിവാരത്തിലെത്തിയിരിക്കുന്നു. പാറമടകളെ അവര്‍ ഇടിച്ചു നിരത്തും. കല്ലുവെട്ടുകാരെയും ശില്പികളെയും അവര്‍ നടത്തുന്ന വ്യാപാരികളെയും അവര്‍ കൊന്നൊടുക്കും. ചിത്ര രചനയും ശില്പനിര്‍മ്മാണവും പാപമാണ്. വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന രണ്ടാം പ്രമാണത്തിന്റെ ലംഘനമാണ്. പാപികളായ ഫ്ളോറന്‍സിലെ ജനമേ, നിങ്ങള്‍ ഫ്രഞ്ചു പടയെ സ്വീകരിക്കു. ഫ്ലോറന്‍സില്‍ ഒരു ശുദ്ധികലശം നടത്തി ദൈവത്തിന്റെ രാഷ്ട്രമാക്കി മാറ്റി ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റൂ. മെഡിസി പ്രഭുക്കളുടെ കുത്തക ഭരണം അവസാനിപ്പിക്കൂ. അവര്‍ സാധുക്കളായ ഫ്ളോറന്‍സ് പൌരന്മാരെ എത്ര എത്ര കാലമായി ചൂഷണം ചെയ്യുന്നു. ഇനിയെങ്കിലും ഉണരൂ! സ്വര്‍ഗ്ഗത്തില്‍ നിന്ന് കാഹളമുതി വരുന്ന മാലാഖമാരുടെ സൈന്യങ്ങള്‍ തന്നെ, ഫ്രഞ്ചു പട! നിങ്ങള്‍ ഫ്രാന്‍സിനെ സ്വാഗതം ചെയ്യൂ. സ്വീകരിക്കു, ദൈവഹിതം പൂര്‍ത്തിയാകാന്‍!
ഫ്ലോറന്‍സിലെ ജനങ്ങള്‍ മെഡിസി ഭരണത്തിനെതിരെ തിരഞ്ഞുകൊണ്ടിരുന്നു. അത് ഒരു യുദ്ധത്തിന്റെ ഒരുക്കമായിരുന്നു. അതിന്റെ അലകള്‍ ടസ്കിനി മലയടിവാരത്തില്‍ തട്ടി ഫ്ളോറന്‍സ് മുഴുവനും മുഴങ്ങിക്കേട്ടു!
(തുടരും)