കാസർകോട്: കടക്കെണിയിലായ കുടുംബത്തിന് തങ്ങള്‍ നിര്‍മ്മിച്ച പുതിയ വീട് വില്‍ക്കാന്‍ തീരുമാനിച്ച് ടോക്കണ്‍ തുക സ്വീകരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. മഞ്ചേശ്വരത്തെ പാവൂരിലെ മുഹമ്മദ് ബാവ (50)യെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.
കടക്കെണിയിൽ വലയുന്ന ബാവയും ഭാര്യ ആമിനയും (45) എട്ട് മാസം മുമ്പ് നിർമ്മിച്ച 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ, കരാര്‍ ഒപ്പിടാന്‍ ടോക്കൺ തുകയുമായി വീട് വാങ്ങാമെന്നേറ്റ ആള്‍ വീട്ടിലേക്ക് വരാൻ സമ്മതിച്ചിരുന്നു. “ഞങ്ങൾക്ക് 45 ലക്ഷം രൂപ കടമുള്ളതിനാൽ വീടിന് 45 ലക്ഷം രൂപ വേണം. എന്നാൽ, 40 ലക്ഷം രൂപയ്ക്ക് ബ്രോക്കറും പാർട്ടിയും വിലപേശുകയായിരുന്നു,” ബാവ പറഞ്ഞു. എന്തു തന്നെയായാലും അന്നു വൈകുന്നേരം വീട് ഒഴിഞ്ഞുകൊടുത്ത് സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമൊത്ത് വാടക വീട്ടിലേക്ക് മാറാനും ദമ്പതികൾ തീരുമാനിച്ചു.
വീട് പണിയുന്നതിനായി ദമ്പതികൾ ബന്ധുക്കളിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ആമിന 10 ലക്ഷം രൂപ ബാങ്ക് വായ്പയും എടുത്തു. അധികം താമസിയാതെ ഞങ്ങൾ രണ്ടാമത്തെ മകളുടെ വിവാഹം നടത്തി വലിയ കടക്കെണിയിലായി, ബാവ പറഞ്ഞു.
ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു മകനുമുണ്ട്. മൂത്ത രണ്ട് പെൺമക്കൾ വിവാഹിതരാണ്. ഇവരുടെ 22 കാരനായ മകൻ നിസാമുദ്ദീൻ ഖത്തറിലെ ഒരു ഇലക്ട്രിക്കൽ കടയിൽ മൂന്നാഴ്ച മുമ്പ് സെയിൽസ്മാനായി ജോലി കണ്ടെത്തി. രണ്ട് ഇളയ പെൺമക്കൾ 12-ാം ക്ലാസിൽ പഠിക്കുന്നു. “കഴിഞ്ഞ നാല് മാസമായി ഞങ്ങൾ എല്ലാവരും വളരെയധികം സമ്മർദ്ദത്തിലായിരുന്നു. വരുമാനം തീരെ കുറവായതിനാൽ കടം വീട്ടാൻ കഴിഞ്ഞില്ല,” ബാവ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ, വീട്ടുകാർ വീട് വാങ്ങുന്നയാളെ കാത്ത് നിൽക്കുമ്പോൾ, ബാവ പുറത്തിറങ്ങി ടൗണിലേക്ക് പോയി. കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നാല് ടിക്കറ്റുകള്‍ വാങ്ങി. “ഭാഗ്യം എന്റെ ദുരിതം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ നാല് മാസമായി ഞാൻ ലോട്ടറികൾ വാങ്ങുന്നു,” ബാവ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിയോടെ നറുക്ക് വീണപ്പോൾ ജാക്ക്പോട്ട് അടിച്ചതായി ബാവ അറിഞ്ഞു. നികുതി കിഴിച്ച് ഏകദേശം 63 ലക്ഷം രൂപ ലഭിക്കും. വൈകിട്ട് അഞ്ച് മണിയോടെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ വീട് വാങ്ങാനായി പാർട്ടിയുമായി വീട്ടിലെത്തി. എന്നാൽ, കച്ചവടം നടന്നില്ല.