കോഴിക്കോട്: തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രത്തിലും കേരളത്തിലും വീണ്ടും വീണ്ടും തോറ്റതും അതേക്കുറിച്ച് പഠിച്ച് പഠിച്ച് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയതുമാണ് കോണ്‍ഗ്രസ്സിനു പറ്റിയ ഏറ്റവും വലിയ തോല്‍വി എന്ന തിരിച്ചറിവാണ് ചിന്തന്‍ ശിബിരത്തിന്റെ മൂലകാരണം. ഇനി ഒരു പ്രാവശ്യം കൂടി തോറ്റാൽ പാർട്ടി ‘ചരിത്ര’ത്തിന്റെ ഭാഗമാകുമോ എന്ന ഭയമാണ് എല്ലാ നേതാക്കന്മാര്‍ക്കുമുള്ളത്. ഇങ്ങനെയൊരു പാർട്ടി ഇവിടെയുണ്ടെന്നും ഞങ്ങൾ എന്നത്തേക്കാളും ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിക്കാനുമായിരുന്നു ചിന്തൻ ശിബിരം നടത്താനുള്ള പ്രധാന കാരണമെന്നു പറയുന്നു.
എന്നാൽ ആദ്യം ഉദയംപൂരിലും പിന്നീട് കോഴിക്കോട്ടും ഇരുന്ന് ചിന്തിച്ച് എന്ത് മാറ്റമാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാലു വാരലും ഗ്രൂപ്പ് കളിയും ചാക്കിട്ടു പിടുത്തവും തകൃതിയായി നടക്കുമ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞ് കപട നാടകം കളിക്കുകയും അധികാരം പങ്കു വെയ്ക്കല്‍ ഒടുവില്‍ തര്‍ക്കത്തില്‍ കലാശിക്കുകയും, പരസ്പരം പോരടിക്കുന്ന ചരിത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. അത് മുതലാക്കി മറുപക്ഷം വിജയം കൊയ്യുന്നത് ഈ നേതാക്കള്‍ കണ്ടില്ലെന്നു നടിക്കുന്നു.
സംസ്ഥാനത്തെ പുതിയ കോൺഗ്രസ് നേതൃത്വമാകട്ടെ, ആ ഐക്യം പാടേ ഒഴിവാക്കുകയും പകരം ‘കൂട്ടായ തീരുമാന’ത്തിലേക്ക് വഴി മാറുകയും ചെയ്തു. പഴയ നേതൃത്വത്തിനും ഗ്രൂപ്പ് ‘ചാമ്പ്യൻമാർ’ക്കും പഴയ വാക്ക് ഉപയോഗിക്കാൻ കഴിയാതെയായി. അപ്പോള്‍ മനസ്സിലുദിച്ച ആശയമാണ് ‘കൂട്ടമായി ഇരുന്ന് ചിന്തിക്കുക’ എന്നുള്ളത്.
ഉദയംപൂരിൽ ഇരുന്ന് ചിന്തിച്ചപ്പോള്‍ ഉയർന്നുവന്ന ഒരു വിഷയം പാർട്ടി പ്രവർത്തകര്‍ക്ക് പ്രായപരിധി നിശ്ചയിക്കുക എന്നതായിരുന്നു. 65 വയസ്സിനു മുകളിലുള്ളവർ വിശ്രമിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും, ചിന്തന്‍ ശിബിരം കഴിഞ്ഞപ്പോൾ ആര്‍ക്കും അത്തരമൊരു ‘ചിന്ത’ വന്ന കാര്യം ഓര്‍മ്മയേ ഇല്ല. ഒരാൾക്ക് എത്ര തവണ മത്സരിക്കാം എന്ന വിഷയത്തെ കുറിച്ച് ആര്‍ക്കും അറിവില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാകുന്ന കലാപങ്ങൾക്ക് മുഖ്യ കാരണമാകുന്നത് മേൽപ്പറഞ്ഞ രണ്ട് കാരണങ്ങളാണ്. അതിങ്ങ് കോഴിക്കോട്ട് ഇരുന്ന് ചിന്തിച്ചപ്പോള്‍ ശിബിരത്തിൻ്റെ ഏഴയലത്ത് പോലും വിഷയം വന്നില്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാം എന്ന ഭംഗി വാക്കിൽ എല്ലാം ഒരുക്കി.
സീറ്റ് മോഹവും സീറ്റ് നിഷേധവുമാണ് കോൺഗ്രസിനെ തകർക്കുന്ന ഏറ്റവും വലിയ വിഷയം. മോഹിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ സീറ്റ് ലഭിച്ച സ്ഥാനാർഥിയെ തോൽപ്പിക്കുന്നത് കോൺഗ്രസിൽ ഒരു പുതുമയുള്ള കാര്യമില്ല, ഇനി അതിന് ആൾബലമില്ലെങ്കിൽ വേറെ പാർട്ടിയിലേക്ക് ഒറ്റ ദിവസം കൊണ്ട് ചേക്കേറും. സി.പി.എം അടക്കമുള്ള മറ്റ് പാർട്ടികളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെങ്കിൽ നടപടി കഠിനമായിരിക്കും.
കോൺഗ്രസ് പാർട്ടിയിലെ നടപടി ആണെങ്കിൽ അത് ഗ്രൂപ്പിനെ പിടിച്ച് മുന്നിലിട്ട് ന്യൂട്രൽ ആക്കുമായിരുന്നു. തരംതാഴ്‌ത്താനും പുറം തള്ളാനും വലിയ കാലതാമസമില്ലാതെ തീരുമാനമെടുക്കുന്ന ഒരു പുതിയ നേതൃത്വം നിലവിൽ കേരളത്തിലുണ്ട്. അതിൻ്റെ മികവ് അറിയണമെങ്കിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കണം.
താഴെ തലം തൊട്ട് ഓരോ കമ്മിറ്റിയിലേയും അംഗ സംഖ്യ എല്ലാ സീമയും ലംഘിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ‘ജംബോ’ കമ്മിറ്റികൾ ഇനിയുണ്ടാവില്ല എന്ന് ചിന്തൻ ശിബിരം പറയുന്നു. സംഘടന മാർഗരേഖ തയ്യാറാക്കാൻ രൂപീകരിച്ച സമിതിയാണ് ചെറു നേതൃ സമിതികൾ എന്ന ആശയം മുന്നോട്ട് വച്ചത്.
ബൂത്ത് ഭാരവാഹികളുടെ എണ്ണം 7, നിർവ്വാഹക സമിതിയിൽ 5, വാർഡ് കമ്മിറ്റിയിൽ 9 നിർവ്വാഹക സമിതിയിൽ 7, മണ്ഡലം കമ്മിറ്റി 15 നിർവ്വാഹക സമിതി 6, ബ്ലോക്ക് കമ്മിറ്റി 25 നിർവ്വാഹക സമിതിയിൽ 6, ഡിസിസി കമ്മിറ്റികളിൽ 31 നിർവാഹക സമിതിയിൽ 20, നിയോജക മണ്ഡലം കമ്മിറ്റി 11 പേരേയും നിജപ്പെടുത്താനാണ് തീരുമാനം. നിലവിൽ ‘ജംബോ’ തുടരുന്ന ഈ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്നവരെ എവിടെ ഉൾക്കൊള്ളിക്കും എന്നതിനും ഉത്തരമില്ല. കമ്മിറ്റികളെ ചെറുതാക്കുമ്പോൾ പാർട്ടി തന്നെ ‘ചെറുതായി’ പോകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
ക്യാമ്പിലെ ആകര്‍ഷണീയമായ തീരുമാനം പാർട്ടിക്ക് വേണ്ടി ‘ജയ്ഹോ’ എന്ന റേഡിയോ സ്റ്റേഷൻ തുടങ്ങാനാണ്. പക്ഷേ, തീരുമാനങ്ങളിലെ ദൗർബല്യത്താൽ ആരും പാട്ടും പാടി പുറത്തുപോകരുതെന്നാണ് കോൺഗ്രസിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ പ്രാർത്ഥന.