പാലക്കാട്: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 27-കാരനായ പ്രതിക്ക് പതിന്നാലു വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെ ഉത്തരവ്. പാലക്കാട് യാക്കര ഐടിഐ ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അമൽദേവിനെയാണ് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അഞ്ച് വയസുകാരിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ടി ശോഭന ഹാജരായി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ മാരായ ആർ മനോജ് കുമാർ , പി കെ മനോജ് കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.