തുർക്കി: സൺ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗം ഭക്ഷണത്തിനുള്ളിൽ പാമ്പിന്റെ തല കണ്ടതായി തുര്‍ക്കിയിലെ ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, അങ്കാറയിൽ നിന്ന് ഡസൽഡോർഫിലേക്ക് പറക്കുന്നതിനിടെയാണ് പാമ്പിന്റെ ശരീരഭാഗം ക്രൂ അംഗം കണ്ടെത്തിയത്. മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ ഭക്ഷണത്തിൽ പാമ്പിന്റെ തല ദൃശ്യമാകുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എയർലൈനുകൾക്കുള്ള കാറ്ററിംഗ് സേവന ദാതാവായ സാൻകാക് ഇൻഫ്ലൈറ്റാണ് ഈ ഭക്ഷണവും മറ്റുള്ളവയും ടർക്കിഷ് എയർലൈൻസും ലുഫ്താൻസയും തമ്മിലുള്ള സംയുക്ത സംരംഭമായ സൺഎക്‌സ്‌പ്രസിന് വിതരണം ചെയ്തത്. സാൻക് ഇൻഫ്‌ലൈറ്റിന്റെ വെബ്‌സൈറ്റ് അനുസരിച്ച് മലേഷ്യൻ എയർലൈൻസ്, ഖത്തർ എയർവേയ്‌സ്, ഈസി ജെറ്റ് എന്നിവയാണ് അവരുടെ ഉപഭോക്താക്കളിൽ ചിലർ.
ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിലെ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിംഗ് സര്‍വ്വീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങളും ഷെയറുകളും തീർത്തും അസ്വീകാര്യമാണെന്ന് സൺഎക്‌സ്‌പ്രസ് തുർക്കി വാർത്താ മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്വേഷണ പ്രക്രിയ പൂർത്തിയാകുന്നത് വരെ മേല്പറഞ്ഞ കാറ്ററിംഗ് സര്‍വ്വീസിന്റെ ഭക്ഷണ വിതരണം നിർത്തുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രതിരോധ നടപടികളും ഉടനടി സ്വീകരിച്ചിട്ടുണ്ടെന്ന് എയർലൈൻ ബ്രിട്ടീഷ് മാധ്യമത്തോട് പറഞ്ഞു.
ഭക്ഷണത്തിൽ കണ്ടെത്തിയ വസ്തുക്കളൊന്നും പാചക പ്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്ന് സുനക് ഇൻഫ്ലൈറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ വേനലവധിക്കാലത്ത് കുറച്ച് ജീവനക്കാരുള്ള വിമാനക്കമ്പനികളുമായി പറക്കുന്ന മോശം അനുഭവത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. യാത്രക്കാർ തങ്ങളുടെ ലഗേജ് നഷ്ടപ്പെട്ടതിന്റെ ഭയാനകമായ കഥകൾ പങ്കിടുന്നു, കാണാതായ ബാഗിൽ മാതാപിതാക്കളുടെ ചിതാഭസ്മം ഉണ്ടായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.
മിസ്ഡ് ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്ത ഫ്ലൈറ്റുകളും മറ്റുള്ളവരുടെ അവധിക്കാലം നശിപ്പിച്ചു. വീട്ടിലേക്ക് മടങ്ങാനുള്ള ബുദ്ധിമുട്ടുകൾ കാരണം, തങ്ങളോടൊപ്പം യാത്ര ചെയ്യേണ്ട തങ്ങളുടെ കുട്ടി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും, അവധി 12 ദിവസം കൂടി നീട്ടേണ്ടി വന്നെന്നും ഒരു ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.