കൊച്ചി: നദിയിൽ പൊങ്ങിക്കിടക്കുക, അതും പെരിയാർ നദിയില്‍…. അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ആലുവ സ്വദേശിയായ അവന്തിക ചന്ദ്രൻ എന്ന 10 വയസ്സുകാരി മൂന്നര മണിക്കൂർ തുടർച്ചയായി അത് ചെയ്തു. 30 അടിയാണ് നദിയുടെ താഴ്ച.
കനത്ത അടിയൊഴുക്കുള്ള നദിയിൽ പൊങ്ങിക്കിടക്കുമ്പോൾ സുരക്ഷാ ഗിയറുകളൊന്നും ധരിച്ചിരുന്നില്ല എന്നത് അവന്തികയെ ധൈര്യശാലിയാക്കി മാറ്റി എന്ന് അവന്തികയുടെ അമ്മ ഡോ ചിത്ര ബോസ് പറഞ്ഞു. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും അംഗീകരിച്ചതായി അവർ പറഞ്ഞു.
ഈ വർഷം മാർച്ച് 28 നാണ് അവന്തിക നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് ഡോ. ചിത്ര പറഞ്ഞു. നിരവധി ഭിന്നശേഷിക്കാരെ പരിശീലിപ്പിച്ച സജി വാളശ്ശേരിയുടെ കീഴിൽ പരിശീലനം നേടിയ മൂത്ത സഹോദരി മാളവിക നേരത്തെ പെരിയാർ നീന്തിക്കടന്നിരുന്നു.
“മെയ് 14ന് അവന്തിക നദി (780 മീറ്റർ ദൂരം) നീന്തിക്കടന്നിരുന്നു. എന്നാൽ, കൂടുതൽ ചെയ്യാൻ അവൾ ആഗ്രഹിച്ചു,” ഡോ. ചിത്ര പറഞ്ഞു. “കുട്ടികൾ മുങ്ങിമരിക്കുന്നതിനെക്കുറിച്ചുള്ള പത്രവാർത്തകളാണ് അവന്തികയെ നീന്തല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചത്. നീന്തൽ പഠിക്കുന്നതിലൂടെയും അതിലും പ്രധാനമായി വെള്ളത്തിൽ തുടരുക എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകൾക്ക് അവരുടെ ജീവൻ രക്ഷിക്കാനാകുമെന്ന് കാണിക്കാൻ അവൾ ആഗ്രഹിച്ചു,” ചിത്ര പറഞ്ഞു.
ചിത്രയുടെ പെൺമക്കൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെ, കഥാപ്രസംഗം, പാരായണം, പ്രസംഗം എന്നിവയിലും അവന്തിക പരിശീലനം നേടിയിട്ടുണ്ട്.