തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്ന വീട്ടമ്മ ഫിലോമിനയുടെ മരണത്തില്‍ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആര്‍ ബിന്ദു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയിരുന്നു എന്നും, എന്നിട്ടും മൃതദേഹം റോഡരികിൽ പൊതുദർശനത്തിന് വെച്ച് സംഭവം രാഷ്ട്രീയവത്ക്കരിച്ചു എന്നും മന്ത്രി ആരോപിച്ചു.
അമ്മയുടെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപ നൽകിയെന്ന് പറയുന്നത് കള്ളമാണെന്ന് ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു. തങ്ങളുടെ കാര്യം തീരുമാനിക്കേണ്ടത് എംഎൽഎയോ മന്ത്രിയോ അല്ല. അമ്മയുടെ ചികിത്സയ്ക്കായി ഒരു രൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഡിനോ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഫിലോമിന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മന്ത്രിയും ഭരണപക്ഷ എംഎൽഎമാരും നിക്ഷേപകരുടെ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്നും മരിച്ച ഫിലോമിനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
കൂടാതെ മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഒടുവിൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ രംഗത്തെത്തി കുടുംബത്തിന് താത്കാലിക സഹായധനം ബാങ്കിൽ നിന്ന് വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു.