തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫിനെ പുനര്‍വിന്യസിച്ച് വിവിധ വകുപ്പുകളിലേക്ക് മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അഞ്ചു പേരെ തന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി.
ബാക്കിയുള്ളവരെ സഹകരണ മന്ത്രി വി എൻ വാസവൻ, കായിക മന്ത്രി വി അബ്ദുർ റഹിമാൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മാറ്റി. സജി ചെറിയാൻ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മനു സി പുളിക്കലിനെ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.
നിലവിൽ ഏറ്റവും കൂടുതൽ പേർസണൽ സ്റ്റാഫുള്ള മന്ത്രിയാണ് മുഹമ്മദ് റിയാസ്. പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയ സിപിഎം നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി.
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വി.വി സൈനന്‍, ക്ലര്‍ക്കുമാരായ കെ സവാദ്, എം.ആര് സജയന്, ഓഫീസ് അസിസ്റ്റന്റുമാരായ വിഷ്ണു പി, ജിബിന്‍ ഗോപിനാഥ് എന്നിവരെയാണ് മുഹമ്മദ് റിയാസിന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കി പെന്ഷന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമനമെന്നാണ് ആക്ഷേപം.75000 രൂപയാണ് അസി. പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളം. 45000 രൂപ ക്ലര്‍ക്കുമാര്‍ക്കും, 30000 രൂപ ഓഫീസ് അസിസ്റ്റന്റുമാര്‍ക്കും ശമ്പളമായി നല്‍കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുണ്ടായ പേഴ്സണല്‍ സ്റ്റാഫ് നിയമനം പ്രതിപക്ഷം ആയുധമാക്കിയേക്കും.