യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യ യെമൻ നടിയും മോഡലുമായ എന്റസാർ അൽ-ഹമ്മദിയെ സനയുടെ വടക്ക് കുപ്രസിദ്ധമായ സെൻട്രൽ ജയിലിൽ ക്രൂരമായി പീഡിപ്പിക്കുകയും ഏകാന്ത തടവിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോര്‍ട്ട്.
2021 ഫെബ്രുവരിയിൽ, ഒരു ഫോട്ടോ ഷൂട്ടിന് പോകുമ്പോഴായിരുന്നു സനയിലെ പ്രധാന തെരുവിൽ അവരെയും മൂന്ന് സഹപ്രവർത്തകരെയും ഹൂത്തി മിലിഷ്യകള്‍ തടഞ്ഞ് അൽ ഹമ്മാദിയെ തട്ടിക്കൊണ്ടുപോയത്. അശ്ലീല പ്രവര്‍ത്തനം, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
നിലവിൽ അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന എന്റിസാർ അൽ ഹമ്മദിയെ ഇലക്ട്രിക് കേബിൾ ഉപയോഗിച്ചുള്ള പീഡനത്തിന് ശേഷം സനയിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ജയിലിൽ ഏകാന്ത തടവിലേക്ക് മാറ്റി.
ഹൂതികൾ മോഡലിനെ “നിർബന്ധിത തിരോധാനത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിന്” വിധേയമാക്കി. കൂടാതെ “രാഷ്ട്രീയ, മാധ്യമ പ്രവർത്തകരെ കുടുക്കാൻ മിലിഷ്യയുടെ വേശ്യാവൃത്തി ശൃംഖലയുമായി പ്രവർത്തിക്കാൻ വിസമ്മതിച്ചപ്പോൾ നിയമവിരുദ്ധമായി അവരെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു,”യെമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ-എറിയാനി പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് പ്രതിരോധശേഷി നൽകുന്ന മതപരവും ഗോത്രപരവുമായ മാനദണ്ഡങ്ങൾ ഹൂത്തികൾ ലംഘിക്കുന്നതായി അൽ-എറിയാനി ആരോപിച്ചു.
“സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും യെമൻ സ്ത്രീകൾക്കെതിരെ തീവ്രവാദി ഹൂതി മിലിഷ്യ ചെയ്ത കുറ്റകൃത്യങ്ങളെ അപലപിക്കാനും അതിന്റെ നേതാക്കൾക്കെതിരെ യഥാർത്ഥ സമ്മർദ്ദം ചെലുത്താനും ആവശ്യപ്പെടുന്നു,” യെമൻ മന്ത്രി ട്വിറ്ററിൽ പറഞ്ഞു.
ആരാണ് യെമൻ മോഡൽ അൽ ഹമ്മദി:
ഒരു യെമനി പിതാവിന്റെയും എത്യോപ്യൻ മാതാവിന്റെയും മകളായി സനയിലാണ് അൽ ഹമ്മദി ജനിച്ചത്. ഒരു മോഡലാകുക എന്ന ആഗ്രഹത്തോടെയാണ് ഹമ്മദി വളര്‍ന്നത്. ടിവിയിൽ കാണുന്ന പ്രശസ്ത മോഡലുകളെ അനുകരിച്ച് തന്റെ കരിയർ ആരംഭിക്കുകയും ചെയ്തു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അന്ധനായ പിതാവും ശാരീരിക വൈകല്യമുള്ള സഹോദരനും ഉൾപ്പെടെ നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹമ്മദി.
2021 മെയ് മാസത്തിൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, വേശ്യാവൃത്തി എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ഏറ്റു പറയാൻ ഹമ്മാദി നിർബന്ധിതയായി. അധികാരികൾ അവരെ “നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക്” വിധേയമാക്കാൻ തീരുമാനിച്ചു എന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
“ചോദ്യം ചെയ്യുന്നതിനിടയിൽ കണ്ണടച്ചിരിക്കുമ്പോൾ ഒരു രേഖയിൽ ഒപ്പിടാൻ ഹമ്മാദിയെ നിർബന്ധിച്ച ഹൂതി മിലിഷ്യയെ കുറിച്ചും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. കൂടാതെ ശത്രുക്കളിൽ ലൈംഗികതയും മയക്കുമരുന്നും പ്രയോഗിക്കാൻ അവരെ സഹായിച്ചാൽ ഹമ്മദിയെ വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്തു.”
2014 അവസാനത്തോടെ സനയിൽ അധികാരത്തിൽ നിന്ന് അന്തർദേശീയമായി അംഗീകരിക്കപ്പെട്ട യെമൻ ഗവൺമെന്റിനെ ഹൂതി സംഘം കീഴടക്കി, ഇപ്പോൾ വടക്കൻ യെമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നു.
സ്ത്രീകളെ തടങ്കലിൽ വയ്ക്കുന്നതിനെതിരെ യെമനിൽ ദീർഘകാലമായി വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും, വേശ്യാവൃത്തി ആരോപിച്ച് നിരവധി സ്ത്രീകൾ ഹൂതി ജയിലുകളിൽ കഴിയുന്നുണ്ട്.
യെമനിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. 2015 ൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് അത്തരം കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വരെ നല്‍കുമായിരുന്നു.