ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക്കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിൽ മറ്റമോറോസ് സിറ്റിയിൽ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്ററിലുള്ള ദേവാലയത്തിൽ വെച്ച് നാളെ (ശനിയാഴ്ച്ച) മാർത്തോമ്മ കൺവെൻഷന് തുടക്കം കുറിക്കും.
മാർത്തോമ്മ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മെക്സിക്കോ രാജ്യത്ത് തദ്ദേശീയർക്കായി തദ്ദേശ ഭാഷയിൽ ഇപ്രകാരം കൺവെഷൻ ക്രമീകരിക്കുന്നത്. പ്രമുഖ സ്പാനിഷ് കൺവെൻഷൻ പ്രഭാഷകയും, സാമൂഹ്യ പ്രവർത്തകയുമായ ജ്യുവനി മറിയോ മുഖ്യ സന്ദേശം നൽകും.
നാം ക്രിസ്തുവിൽ ഒരു ശരീരം എന്ന ബൈബിൾ വാക്യത്തെ അധികരിച്ച് ജൂലൈ 30,31 തീയതികളിലാണ് (ശനി,ഞായർ) വചനഘോഷണം നടത്തപ്പെടുന്നത്. എല്ലാദിവസവും രാവിലെ10.30 ന് ആരംഭിക്കുന്ന കൺവെൻഷനിൽ സ്പാനിഷ് ഭാഷയിൽ ഗായകസംഘം ഗാനങ്ങൾ ആലപിക്കും.
ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഭയുടെ മെക്സിക്കോ മിഷന്റെ മിഷനറിയും, ഹ്യുസ്റ്റൺ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരിയും ആയ റവ.സോനു വർഗീസ് , മിഷൻ കോർഡിനേറ്റർ പി.ടി എബ്രഹാം, പ്രാക്ടിക്കൽ ട്രെയ്നിംഗ് വിദ്യാർഥിയായ ആകാശ് ഡി.മാത്യു എന്നിവരാണ് കൺവെൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഈ പ്രദേശത്ത് വസിക്കുന്നതായ മത്സ്യതൊഴിലാളികളായവരെ മാനസികപരമായും, സാമൂഹികപരമായും, ആരോഗ്യപരമായും, വിദ്യാഭ്യാസപമായും മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനം 2003 ൽ ആരംഭിച്ച പ്രോജക്ട് ആണ് മെക്സിക്കോ മിഷൻ പ്രവർത്തനം.