ന്യൂഡൽഹി: കുരങ്ങുപനി വർധിച്ചു വരുന്ന ഭീഷണി ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തൊലിപ്പുറത്ത് സാധാരണ അലർജി ഉണ്ടായാൽ പോലും കുരങ്ങുപനിയാണെന്ന ഭീതിയിൽ ജനങ്ങള്‍ ആശുപത്രികളിൽ എത്തുകയാണ്. തന്റെ കാലിൽ ചുവന്ന ചുണങ്ങു കണ്ടപ്പോൾ, താൻ കുരങ്ങുപനിയുടെ പിടിയിലാണെന്ന് തോന്നിയതായി നോയിഡയിൽ താമസിക്കുന്ന പ്രിയങ്ക (28) പറഞ്ഞു. അതേ ദിവസം തന്നെ, ഈ തിണർപ്പുകൾ അവരുടെ ശരീരത്തിലുടനീളം വ്യാപിച്ചു.
“കുരങ്ങുപനിയെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ആദ്യം എനിക്കും ഇത് ബാധിച്ചിട്ടുണ്ടെന്ന് കരുതി, പേടിച്ച് അതിന്റെ ചിത്രങ്ങൾ കണ്ടു, വാർത്ത വായിച്ച് ഞാൻ ഡോക്ടറെ വിളിച്ചു. പക്ഷേ ചുണങ്ങ് അപ്രത്യക്ഷമായതിന് ശേഷമാണ് അതൊരു സാധാരണ ചർമ്മ അലർജിയായിരുന്നു എന്നു മനസ്സിലായത്,” പ്രിയങ്ക പറയുന്നു.
പ്രിയങ്കയെപ്പോലെ, ചർമ്മ അലർജി ബാധിച്ച നിരവധി രോഗികൾ ഡൽഹി-എൻസിആറിലെ ആശുപത്രികളിൽ ദിവസേന എത്തുന്നുണ്ട്. അവർ കുരങ്ങുപനി ബാധിച്ചതായി ഭയപ്പെടുന്നു.
ഞായറാഴ്ചയാണ് ഡൽഹിയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. മെദാന്ത ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. രമൻജിത് സിംഗ് പറയുന്നത് “വർദ്ധിച്ച അവബോധം കാരണം, ആളുകൾ അവരുടെ ലക്ഷണങ്ങൾ കുരങ്ങുപനിയാണോ എന്ന് സ്ഥിരീകരിക്കാൻ ആശുപത്രികളിൽ വരുന്നു” എന്നാണ്.