മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് സഭയുടെ ഉന്നതാധികാര സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗ്ഗീസിന് മൗണ്ട് ഒലീവ് സെയിന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്‍കി.
ജൂലൈ 24ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ഷിബു ഡാനിയല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്നതും ഓഗസ്റ്റ് മാസത്തില്‍ സ്ഥാനം ഒഴിയുന്നതുമായ ജോര്‍ജ് തുമ്പയിലിന് ആശംസകള്‍ നേര്‍ന്നു.
ഇടവകയുടെ തന്നെ പുതിയ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ഷാജി വര്‍ഗ്ഗീസിന് അഭിനന്ദിക്കുന്നതോടൊപ്പം രണ്ടുപേരും ഇടവകയുടെ പ്രതിനിധികള്‍ ആണെന്നതും ഇടവകയുടെ വലിയൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടവകാ ജോയിന്റ് ട്രസ്റ്റി റോഷന്‍ ജോര്‍ജ്, ജോയിന്റെ സെക്രട്ടറി ഫിലിപ്പ് ജോസഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഈ സ്ഥാനലബ്‌ധിയോടെ ഷാജി വർഗീസിന് ലഭിക്കുന്നത് ഇരട്ട അംഗീകാരമാണ്. ജൂലൈ 8 ന് ഒർലാണ്ടോയിൽ നടന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചിരുന്നു. ഫൊക്കാനയുടെ അമരക്കാരിൽ ഒരാളായി മാറിയ ഷാജി വർഗീസ് ഇടവകയുടെഅഭിമാനമായി മാറിയിരിക്കുകയാണെന്നും അനുമോദനയോഗത്തിൽ ഇടവക പ്രതിനിധികൾ പറഞ്ഞു.
ഷാജി വർഗീസിനെക്കൂടാതെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്ന് മറ്റു രണ്ടു പേർ കൂടി തെഞ്ഞെടുക്കപ്പെട്ടിരുന്നു. കാനഡയിൽ നിന്ന് ഫാ. ബ്ലാസൻ വർഗീസ്, ന്യൂയോർക്കിൽ നിന്ന് ബിനു കോപ്പാറ എന്നിവരാണ് 92 അംഗ സഭ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ. ഓഗസ്റ്റ് മൂന്നിന് പുതിയ കമ്മിറ്റി സ്ഥാനമേൽക്കും.