തൃശൂർ: കരുവന്നൂർ ബാങ്കിൽ ഒറ്റത്തവണ പിൻവലിക്കാവുന്ന തുക 10,000 രൂപ മാത്രം. ലക്ഷങ്ങൾ നിക്ഷെപമുള്ളവര്‍ക്ക് പോലും ടോക്കൺ വഴിയാണ് പണം നൽകുന്നത്. തീയതി എഴുതിയ, ബാങ്ക് നൽകുന്ന സ്ലിപ്പുമായി വന്നാൽ മാത്രമേ പണം ലഭിക്കൂ എന്നതാണ് മാനദണ്ഡം. അതുകൊണ്ട് നിത്യവൃത്തിക്കും മരുന്നിനും പണമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ചികിൽസാ രേഖകൾ കാണിച്ചാലും കൂടുതൽ പണം നൽകാനാകില്ലെന്നതാണ് അവസ്ഥ.
ലക്ഷങ്ങള്‍ നിക്ഷേപമുള്ളവരും പണം വാങ്ങുന്നത് മണിക്കൂറുകള്‍ വരി നിന്നെടുത്ത ടോക്കണ്‍ കാണിച്ചാണ്. ഏഴര ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രണം സ്വദേശി പുഷ്പരാജ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി തുക പിന്‍വലിക്കാന്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍ പതിനായിരം രൂപ മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പതിനായിരം കിട്ടിയത്. അടുത്ത ഊഴം ഓഗസ്റ്റിലാണ്. പ്രവാസി ആയിരുന്ന കാലത്തുള്ള സമ്പാദ്യത്തിന്റെ മിച്ചം പിടിച്ച തുകക്ക് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് പുഷ്പരാജന്‍ ചോദിക്കുന്നത്. ദൈനംദിന ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കും വഴിമുട്ടി നൂറു കണക്കിന് നിക്ഷേപകരാണുള്ളത്.