മുംബൈ: സഞ്ജയ് റൗത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 8 മണിക്കൂറായി പത്ര ചാൾ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ഭാണ്ഡൂപ്പിലെ റൗത്തിന്റെ വീട്ടിലെത്തിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം എത്തിയതിന് പിന്നാലെ റൗത്തിന്റെ അഭിഭാഷകനും അദ്ദേഹത്തിന്റെ വീട്ടിലെത്തി. നിരവധി അനുയായികളും പുറത്ത് തടിച്ചുകൂടി. സഞ്ജയ് റൗത്ത് അന്വേഷണത്തിൽ സഹകരിച്ചില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലെത്താൻ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടപ്പോൾ താൻ സിറ്റിംഗ് എംപിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്നെയുമല്ല, ഓഗസ്റ്റ് 7 വരെ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റൗത്തിന്റെ വീട് റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉത്തരവാദിത്തപ്പെട്ട എംപി എന്ന നിലയിൽ തനിക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാൽ 20, 27 തീയതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായില്ലെന്നും റെയ്ഡിനിടെ റൗത്ത് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഏഴ് വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് സമൻസ് ലഭിച്ചാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജൂലൈ 27 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ റൗത്തിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അത് അംഗീകരിക്കാതെയാണ് വീട് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തത്.