മലപ്പുറം: ഇന്ന് അര്‍ദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ, തിരൂരുകാര്‍ക്ക് ചാകരക്കൊയ്ത്ത് നല്‍കി മത്തിക്കൂട്ടം കടര്‍ല്‍ത്തീരത്തടിഞ്ഞത് കൗതുകമായി. പടിഞ്ഞാറേക്കര, താനൂർ, കൂട്ടായി തീരപ്രദേശങ്ങളിലാണ് തിരമാലകളോടെ വൻതോതിൽ മത്തികൾ കരയിലടിഞ്ഞത്. വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചെറുതും വലുതുമായ പാത്രങ്ങളിലും, ബക്കറ്റുകളിലും കവറുകളിലും ആവശ്യത്തിലേറെ മത്തി ശേഖരിച്ചു.
മത്സ്യത്തൊഴിലാളികൾ വലയും വള്ളവുമായി എത്തി മീൻ പിടിച്ചു. ട്രോളിംഗ് നിരോധനം ആരംഭിച്ചത് മുതൽ തിരൂരിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിരുന്നു. ചാകരയുടെ അപ്രതീക്ഷിത വരവ് അവര്‍ക്ക് താൽക്കാലിക ആശ്വാസമായി.
ട്രോളിങ് നിരോധനം പൂർത്തിയാകുന്നതോടെ മത്സ്യബന്ധനത്തിന് പോകാനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു തിരൂർ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾ. തിരകളില്‍ മീന്‍കൂട്ടം തുള്ളിത്തുടിച്ച് കരയിലേക്കെത്തുന്ന കാഴ്‌ച ആളുകള്‍ക്ക് കൗതുകവുമായി. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.