കോട്ടയം: മുതിർന്ന പത്രപ്രവർത്തകനും മലയാളത്തിലെ പ്രാദേശിക ഭാഷാ ദിനപത്രമായ മെട്രോ വാർത്തയുടെ ചീഫ് എഡിറ്ററുമായ ആർ. ഗോപീകൃഷ്ണൻ (67) ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് സ്വവസതിയിൽ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കോട്ടയം മുട്ടമ്പലം മുനിസിപ്പാലിറ്റി ഇലക്‌ട്രിക് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
“ഗോപീകൃഷ്ണൻ പത്രപ്രവർത്തനത്തിന്റെ നൈതികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനാണ്. തന്റെ കരിയറിൽ, അദ്ദേഹം നിരവധി രസകരമായ വാർത്താ റിപ്പോർട്ടുകളും അഭിമുഖങ്ങളും ചെയ്തിട്ടുണ്ട്. നിരവധി മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും പത്രപ്രവർത്തകൻ മുതൽ ചീഫ് എഡിറ്റർ വരെയുള്ള പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്, ” മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
“പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൊണ്ട് പത്രപ്രവർത്തനരംഗത്ത് ഇടംനേടിയ മുതിർന്ന മാധ്യമ പ്രവർത്തകനാണ് ഗോപീകൃഷ്ണന്‍. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ അഭിമുഖം നടത്തിയ കേരളത്തിൽ നിന്നുള്ള ആദ്യ പത്രപ്രവർത്തകനാണ് ഗോപീകൃഷ്ണൻ. തന്റെ ധീരമായ ശ്രമത്തിന് നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്,” സതീശൻ പറഞ്ഞു.
മൂവാറ്റുപുഴ നിർമ്മല കോളേജ്, പെരുന്ന എൻഎസ്എസ് കോളേജ്, ബൾഗേറിയയിലെ ജോർജ്ജ് ദിമിത്രോവ് ജേര്‍ണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണൻ മംഗളം, കേരളകൗമുദി, മെട്രോ വാർത്ത എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഗോപീകൃഷ്ണന് സംസ്ഥാന സർക്കാരിന്‍റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 1988). 1989ലെ എം.ശിവറാം അവാർഡ്, രാഷ്‌ട്രീയ റിപ്പോർട്ടിങ്ങിൽ വി. കരുണാകരൻ നമ്പ്യാർ പുരസ്‌കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾക്ക് അർഹനായി. ഡാൻ ബ്രൗണിന്‍റെ പ്രശസ്‌തമായ ഡാവിഞ്ചി കോഡ് പുസ്‌തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ലീല ഗോപികൃഷ്‌ണൻ, മക്കൾ: വിനയ് ഗോപികൃഷ്‌ണൻ (ബിസിനസ്, ബെംഗളൂരു), ഡോ. സ്‌നേഹ ഗോപികൃഷ്‌ണൻ (അസി. പ്രൊഫ. വിമല കോളജ്, തൃശ്ശൂർ).